ഉദയ്പൂർ(രാജസ്ഥാൻ)- രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. 60 വയസ്സുള്ള ഒരു പുരുഷൻ 85 വയസ്സുള്ള സ്ത്രീയെ കുട ഉപയോഗിച്ച് ആക്രമിച്ചു കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് സാമൂഹ്യമാധ്യമങ്ങളിൽ പരക്കുന്നത്. കൽക്കി ബായ് ഗമെതി എന്ന സ്ത്രീയാണ് ആക്രമണത്തിൽ മരിച്ചത്. വൃദ്ധയെ അക്രമത്തിൽനിന്ന് രക്ഷിക്കാതെ വീഡിയോ ഷൂട്ട് ചെയ്ത രണ്ടുപേരടക്കം നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. മദ്യലഹരിയിലായിരുന്ന പ്രതി പ്രതാപ് സിംഗ് മാനസികരോഗിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരാൾ അയാളെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സ്ത്രീയെ കണ്ടപ്പോൾ ഇയാൾ അമിതമായി മദ്യപിച്ചിരുന്നെന്നും ബോധത്തിൽ ആയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. താൻ ശിവന്റെ അവതാരമാണെന്ന് സങ്കൽപ്പിക്കുകയും ആ സ്ത്രീയെ കൊന്ന് ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്തുവെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വീഡിയോയിൽ, പ്രതി സ്ത്രീയുടെ അരികിലിരുന്ന്, താൻ ശിവന്റെ അനുയായിയാണെന്ന് പറയുന്നത് കേൾക്കാം. മഹാറാണി ഹായ് തു (നിങ്ങൾ ഒരു രാജ്ഞിയാണ്)' എന്ന് പറഞ്ഞുകൊണ്ട് അയാൾ പെട്ടെന്ന് സ്ത്രീയുടെ നെഞ്ചിൽ ശക്തിയായി അടിക്കുന്നു. സ്ത്രീ നിലത്തു വീഴുന്നു, പ്രതി സ്ത്രീയുടെ മുടിയിൽ വലിച്ചിഴക്കുകയും ചെയ്തു. മറ്റൊരു ക്ലിപ്പിൽ, നിലത്ത് കിടക്കുന്ന സ്ത്രീയുടെ തലയിൽ അയാൾ കുട കൊണ്ട് ഭീകരമായി അടിക്കുന്നതും കാണാം.
വിദൂര, മലയോര, ആദിവാസി ആധിപത്യ പ്രദേശമായ ഉദയ്പൂരിലെ ഗോഗുണ്ട തഹസിൽത്താണ് കുറ്റകൃത്യം നടന്നത്.
സംഭവസമയത്ത് മറ്റൊരാൾ സ്ഥലത്തുണ്ടായിരുന്നു, പ്രായപൂർത്തിയാകാത്തവരാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ഉദയ്പൂർ പോലീസ് സൂപ്രണ്ട് ഭുവൻ ഭൂഷൺ പറഞ്ഞു. മന്ത്രവാദിനിയാണെന്ന് സംശയിച്ചാണ് പ്രതാപ് സിംഗ് അവളെ കൊലപ്പെടുത്തിയതെന്ന അഭ്യൂഹങ്ങൾ പോലീസ് നിഷേധിച്ചു. ഇതൊരു യാദൃശ്ചിക കൊലപാതകമായിരുന്നു, പ്രതിക്ക് ഭ്രമാത്മകതയുണ്ടെന്ന് അവർ പറഞ്ഞു.