Sorry, you need to enable JavaScript to visit this website.

'സ്വയം ഒന്നും ചെയ്യില്ല, ഒന്നും ചെയ്യാന്‍ അനുവദിക്കുകയുമില്ല'; പ്രതിപക്ഷത്തെ വിമര്‍ശിച്ച് മോഡി

ന്യൂദല്‍ഹി- പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിപക്ഷം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ലെന്നും വിമര്‍ശനം. പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തെ ഈ വിഭാഗം എതിര്‍ത്തു. 70 വര്‍ഷമായി രാജ്യത്തിന്റെ രക്തസാക്ഷികള്‍ക്ക് യുദ്ധസ്മാരകം പോലും ഇക്കൂട്ടര്‍ നിര്‍മ്മിച്ചില്ലെന്ന് മോഡി കുറ്റപ്പെടുത്തി.
നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷത്തിന്റെ ഒരു വിഭാഗം പഴയ രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. രാജ്യത്തെ മുഴുവന്‍ വികസനമാണ് ബിജെപി സര്‍ക്കാരിന്റെ മുന്‍ഗണന. എല്ലായിടത്തും ഒരേ ഒരു പ്രതിധ്വനി മാത്രം... ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യം മുഴുവന്‍ അഴിമതിയും രാജവംശവും പ്രീണനവും ഇന്ത്യ വിടണമെന്ന് ആവശ്യപ്പെടുകയാണ്. പുതിയ ഊര്‍ജം, പ്രചോദനം, നിശ്ചയദാര്‍ഢ്യം എന്നിവ ഉള്‍ക്കൊണ്ട് രാജ്യം മുന്നേറുകയാണെന്ന് മോഡി പറഞ്ഞു.
'ഇന്ന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇന്ത്യയിലാണ്. ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ്സ് വര്‍ധിച്ചു. ഇന്ത്യയോടുള്ള ലോകത്തിന്റെ മനോഭാവം മാറിയതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ആദ്യത്തേത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയിലെ ജനങ്ങള്‍ പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ രൂപീകരിച്ചു എന്നതാണ്. രണ്ടാമതായി, പൂര്‍ണ്ണ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ വ്യക്തതയോടെ വലിയ തീരുമാനങ്ങള്‍ എടുക്കുകയും വെല്ലുവിളികള്‍ക്ക് ശാശ്വത പരിഹാരത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു'  മോഡി പറഞ്ഞു.രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമാണ് പുനര്‍വികസന പ്രക്രിയ. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഇതൊരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് മോഡി പറഞ്ഞു.

Latest News