ന്യൂയോർക്ക്- ഇരുപത് മിനിറ്റിനുള്ളിൽ രണ്ടു ലിറ്റർ വെള്ളം കുടിച്ച യുവതി മരിച്ചു. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. 35 വയസുള്ള ആഷ്‌ലി സമ്മേഴ്‌സ് എന്ന യുവതിയാണ് മരിച്ചത്. വാരാന്ത്യം ആഘോഷിക്കുന്നതിന് വേണ്ടി ഇന്ത്യാനയിലെ ലേക്ക് ഫ്രീമാൻ സന്ദർശിക്കുന്നതിനിടെ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്ന് ആഷ്‌ലി അമിതമായി വെള്ളം കുടിക്കുകയായിരുന്നു. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. തലകറങ്ങുന്നുവെന്ന് അടുത്തുള്ളവരോട് പറഞ്ഞ ശേഷം വെള്ളം കുടിക്കുകയായിരുന്നു. നാലു കുപ്പി വെള്ളം കുടിച്ചെങ്കിലും കത്തുന്ന ചൂടിലും നിർജ്ജലീകരണം അനുഭവപ്പെട്ടു. അധികം വൈകാതെ ഇവർ ബോധം കെട്ട് വീഴുകയും ചെയ്തു. പിന്നീട് ബോധം വീണ്ടെടുത്തില്ല.
മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, ഒരാളുടെ രക്തത്തിലെ സോഡിയത്തിന്റെ അളവ് 'അസാധാരണമായി കുറയുമ്പോൾ' സംഭവിക്കുന്ന ജല വിഷാംശം എന്നറിയപ്പെടുന്ന ഹൈപ്പോനട്രീമിയ മൂലമാണ് യുവതി മരിച്ചതെന്ന് ഡോക്ടർമാർ പറയുന്നത്.
അപൂർവമാണെങ്കിലും, ജലത്തിന്റെ വിഷാംശം മാരകമായേക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ വളരെയധികം വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കിൽ ആരോഗ്യപരമായ അവസ്ഥകൾ കാരണം വൃക്കകൾ വളരെയധികം വെള്ളം നിലനിർത്തുമ്പോഴോ ഇത് സംഭവിക്കുന്നു. ജലവിഷബാധയുടെ ലക്ഷണങ്ങളിൽ പൊതുവെ അസ്വസ്ഥത അനുഭവപ്പെടുന്നതും പേശിവലിവ്, വേദന, ഓക്കാനം, തലവേദന എന്നിവയും ഉൾപ്പെടുന്നു.