Sorry, you need to enable JavaScript to visit this website.

വിസ ലഭിച്ചില്ല; പാക്ക് യുവതി ഇന്ത്യക്കാരനെ ഓൺലൈൻ വഴി വിവാഹം ചെയ്തു

ന്യൂദൽഹി- ഇന്ത്യൻ വിസ ലഭിക്കാത്തതിനെ തുടർന്ന് പാകിസ്ഥാൻ യുവതി ജോധ്പൂർ സ്വദേശിയെ ഓൺലൈനിലൂടെ വിവാഹം കഴിച്ചു. കറാച്ചി നിവാസിയായ അമീനയാണ് തന്റെ വിവാഹത്തിന് വിസ ലഭിക്കാത്തതിനെത്തുടർന്ന് തന്റെ ഇന്ത്യൻ പ്രതിശ്രുതവരൻ അർബാസ് ഖാനെ ഓൺലൈനിലൂടെ വിവാഹം ചെയ്തത്. അമീന വിസയ്ക്ക് അപേക്ഷിക്കുമെന്നും ഇന്ത്യയിൽ എത്തിയാൽ ഞങ്ങൾ വീണ്ടും വിവാഹം കഴിക്കുമെന്നും അർബാസ് പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടന്റായ അർബാസ് ഖാൻ തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ജോധ്പൂരിലെ ഓസ്വാൾ സമാജ് ഭവനിൽ ബുധനാഴ്ച വിവാഹത്തിന് എത്തിയിരുന്നു. എന്നാൽ ചടങ്ങിനെ എത്താൻ അമീനക്ക് സാധിച്ചില്ല. ഇവിടെ ഓൺലൈനിലൂടെ നിക്കാഹ് നടക്കുകയും കുടുംബം ആഘോഷങ്ങളിൽ മുഴുകുകയും ചെയ്തു. ജോധ്പൂർ ഖാസിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്, ദമ്പതികൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിച്ചു.

അമീനയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച അർബാസ്, ഇത് നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പാകിസ്ഥാനിലുള്ള തന്റെ ബന്ധുക്കളാണ് ചർച്ചകൾ ആരംഭിച്ചതെന്നും പറഞ്ഞു. ഞങ്ങളുടെ കുടുംബാംഗങ്ങൾ ഈ വിവാഹം നിശ്ചയിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഈ ദിവസങ്ങളിൽ ശരിയല്ല എന്നതാണ് നിക്കാഹ് ഓൺലൈനിൽ നടത്താൻ കാരണമെന്നും അർബാസ് പറയുന്നു. അമീനയ്ക്ക് ഉടൻ വിസ ലഭിക്കുമെന്നും ഇന്ത്യയിലേക്ക് മാറാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

Latest News