ന്യൂദൽഹി-മോഡി കുടുംബപ്പേര് അപകീർത്തിക്കേസിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്‌തതിനെത്തുടർന്ന് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ആവേശം തുടരുമ്പോൾ രാഹുൽ ഗാന്ധിയെ ആക്രമിക്കാനുള്ള തന്ത്രം മാറ്റാൻ ബിജെപി ഒരുങ്ങുന്നു. സുപ്രീം കോടതി വിധിയെക്കുറിച്ച് പാർട്ടി അഭിപ്രായം പറയില്ലെന്നും എന്നാൽ സുപ്രീം കോടതിയെ അവഹേളിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ കുറിച്ച് പാർട്ടി ചോദിച്ചു കൊണ്ടിരിക്കുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
ജുഡീഷ്യറിയുടെയും രാജ്യത്തെ മറ്റ് ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്ത്യയിലെ ജനാധിപത്യത്തെ നിരന്തരം അവഹേളിക്കുന്ന പ്രസ്താവനകളെക്കുറിച്ചും ഇപ്പോൾ എന്തു പറയുന്നുവെന്നാണ് ശിക്ഷാവിധി സ്റ്റേ ചെയ്തതിൽ ആവേശഭരിതനായ രാഹുൽ ഗാന്ധിയോട് ചോദിക്കുകയെന്ന് മുതിർന്ന ബി.ജെ.പി നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു.
കോടതി പ്രതികൂലമായി വിധിക്കുമ്പോൾ അതിനെ വിമർശിക്കുകയു അനുകൂലമായി വിധിക്കുമ്പോൾ സത്യം പുറത്തുവന്നുവെന്നും പറയുന്ന രാഹുൽ ഗാന്ധി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.






