വാഹനങ്ങളുടെ ആര്‍ സി ബുക്ക് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

മലപ്പുറം - വാഹനങ്ങളുടെ ആര്‍ സി ബുക്ക് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നേരത്തെ ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കിയിരുന്നു. അതേ രീതി തന്നെയാണ് ആര്‍ സി ബുക്കിന്റെ കാര്യത്തിലും പിന്തുടരുക. കൃത്യനിര്‍വഹണ മികവിന് മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ട്രാന്‍സ്പോര്‍ട്ട് മെഡല്‍ എടപ്പാള്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍  വിതരണംചെയ്യുകയായിരുന്നു അദ്ദേഹം. എഐ ക്യാമറ കണ്ടാല്‍ കല്ലെറിയുന്ന സ്ഥാനത്ത് ഇപ്പോള്‍ ക്യാമറക്ക് പൂച്ചെണ്ടുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ക്യാമറയുടെ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ അഞ്ചുമുതല്‍ നോക്കിയാല്‍ അപകടങ്ങളും അപകട മരണങ്ങളും കുറഞ്ഞു. വാഹനീയം പരിപാടിയിലുടെ 10,000ത്തോളം പരാതികള്‍ പരിഹരിച്ചതായും മന്ത്രി അറിയിച്ചു.  വിവിധ പരാതികള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഒന്നടങ്കം കേരളത്തിലെ നാല് മേഖലകളിലായി സെപ്തംബറില്‍ അദാലത്ത് പോലെയുള്ള കാബിനറ്റ് മീറ്റിങ് നടത്തുമെന്നും  മന്ത്രി പറഞ്ഞു.

Latest News