ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ല, മിത്ത് വിവാദം ചര്‍ച്ചയാക്കേണ്ടെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി

ന്യൂദല്‍ഹി- കേരളത്തിലെ മിത്ത് വിവാദം കൂടുതല്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. ദല്‍ഹിയില്‍ ആരംഭിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കേന്ദ്ര നേതൃത്വം മിത്ത് വിവാദം നീട്ടികൊണ്ടുപോകേണ്ടതില്ലെന്ന നിലപാട് കൈക്കൊണ്ടത്. വിവാദത്തിലെ കോണ്‍ഗ്രസ്, ബി.ജെ.പി പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടണം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ ധ്രുവീകരണത്തിനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും കേന്ദ്രക്കമ്മറ്റി യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. ആര്‍.എസ്.എസ് അജണ്ടക്കൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്.
ഈ വിഷയത്തില്‍ ഇനി ചര്‍ച്ചയുണ്ടാക്കരുത്. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തോടെ വിഷയം അവസാനിച്ചതായും യോഗം വിലയിരുത്തി. അതേസമയം, ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും കേന്ദ്ര കമ്മിറ്റി നിരീക്ഷിച്ചു. അത് വിശ്വാസികള്‍ക്ക് എതിരുമല്ല. ശാസ്ത്രാവബോധം വളര്‍ത്തണമെന്ന് ഭരണഘടന നിര്‍ദേശിക്കുന്നുണ്ട്. ശംസീറിന്റെ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നും സി.പി.എം വിലയിരുത്തി.

 

Latest News