പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ച് ഫോണും സ്വര്‍ണവും തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍

കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീടുവിട്ട് പോകാന്‍ പ്രേരിപ്പിച്ച് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍. പള്ളുരുത്തി ചാനിപ്പറമ്പില്‍ അക്ഷയ് അപ്പു (22), ഭാര്യ ഞാറക്കല്‍ നികത്തില്‍ വീട്ടില്‍ കൃഷ്ണ (20) എന്നിവരെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

സമൂഹ മാധ്യമം വഴിയാണ് പെണ്‍കുട്ടി ഇവരെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബ വഴക്ക് ദമ്പതികള്‍ മുതലെടുക്കുകയായിരുന്നു. ഇത് ഇവരോട്  പറഞ്ഞതിനെത്തുടര്‍ന്ന് ഊട്ടിക്ക് പോകാമെന്ന് ഇവര്‍ പറയുകയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള പണം കണ്ടെത്തുന്നതിനെന്ന് പറഞ്ഞ് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും വാങ്ങുകയായിരുന്നു. 

മാല ഉരുക്കിയ നിലയില്‍ പറവൂരിലെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു. അക്ഷയ് അപ്പു നിരവധി കേസുകളിലെ പ്രതിയാണ്. ഇന്‍സ്‌പെക്ടര്‍ എ. എല്‍. യേശുദാസ്, എസ്. ഐമാരായ വന്ദന കൃഷ്ണ, അഖില്‍ വിജയകുമാര്‍ എ. എസ്. ഐമാരായ ടി. എ. ഷാഹിര്‍, പ്രിന്‍സി, സി. പി. ഒ എം. പി. സുബി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News