പതിനേഴുകാരി ആത്മഹത്യ ചെയ്ത കേസ്; പ്രതിക്ക് 18 വര്‍ഷം കഠിനടവും പിഴയും

കൊച്ചി- പതിനേഴുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും. കങ്ങരപ്പടി പള്ളങ്ങാട്ടുമുകള്‍ പട്ടാശ്ശേരി വീട്ടില്‍ സിബിയെയാണ് (23) എറണാകുളം പോക്‌സോ  കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷിച്ചത്.

2020 മാര്‍ച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കൂട്ടുകാരിയോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കളമശ്ശേരി കങ്ങരപ്പടി ഭാഗത്ത് വച്ച് കയ്യില്‍ കയറിപ്പിടിക്കുകയും ചീത്തവിളിക്കുകയും യൂണിഫോം കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന നോട്ട്‌സ് എഴുതിയ പേപ്പറുകള്‍ മറ്റുള്ളവര്‍ കാണെ ബലമായി എടുത്ത് കീറിക്കളഞ്ഞു. പെണ്‍കുട്ടിയെ ചീത്തവിളിക്കുകയും ചെയ്തു. ഇതിലെ മനോവിഷമത്തിലും പ്രതി പിറകെ വീട്ടിലെത്തി അപായപ്പെടുത്തുമെന്നുള്ള ഭയം കൊണ്ടും അന്നു വൈകിട്ട് വൈകിട്ട് ഏഴ് മണിക്ക് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി നാല് ദിവസത്തിനുശേഷം എറണാകുളം ലൂര്‍ദ് ആശുപത്രിയിലാണ് മരിച്ചത്. 
 
രാവിലെ പൊതുസ്ഥലത്ത് വച്ച് പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിക്കുകയും ചീത്ത പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും സാക്ഷിയായ കൂട്ടുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്കെതിരായിരുന്നു. 

ആത്മഹത്യ പ്രേരണയ്ക്കും പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും പൊതുസ്ഥലത്ത് വെച്ച് കുട്ടിയുടെ കയ്യില്‍ കയറി പിടിച്ച് മാനഭംഗപ്പെടുത്തിയതിനും  അഞ്ചോളം വകുപ്പുകളിലായി 18 വര്‍ഷം കഠിന തടവും 1,20,000 പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 

തൃക്കാക്കര എസ്. ഐ ആയിരുന്ന സുമിത്ര വി. ജി, സി. ഐ. ഷാബു ആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി. എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.

Latest News