ന്യൂദൽഹി-ബി.ജെ.പിക്ക് എതിരായ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ അടുത്ത യോഗം ഈ മാസം 31, സെപ്തംബർ ഒന്ന് തീയതികളിൽ മുംബൈയിൽ നടക്കും. കോൺഗ്രസും ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എംപി പദവി പുനഃസ്ഥാപിക്കുന്നതിന് സുപ്രീം കോടതി വഴിയൊരുക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. അതിനാൽ യോഗത്തിന് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്നാണ് കരുതുന്നത്.
ഇന്ന് മുംബൈയിൽ നടന്ന മഹാ വികാസ് അഘാഡിയുടെ യോഗത്തിന് ശേഷം ശിവസേന (യുബിടി) എം.പി സഞ്ജയ് റാവത്താണ് ഇക്കാര്യം പറഞ്ഞത്. മുംബൈ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ കുറഞ്ഞത് അഞ്ച് മുഖ്യമന്ത്രിമാരെങ്കിലും പങ്കെടുക്കും. രാഹുൽ ഗാന്ധിയും പങ്കെടുക്കും. ഓഗസ്റ്റ് 31 ന് യോഗം ആരംഭിക്കും, അന്ന് വൈകുന്നേരം അത്താഴം സംഘടിപ്പിക്കും. അതിന് ഉദ്ധവ് താക്കറെ ആതിഥേയത്വം വഹിക്കും.
യോഗത്തിൽ നിരവധി സുപ്രധാന നിർദേശങ്ങൾ പരിഗണിക്കുമെന്ന് കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. 16 പ്രതിപക്ഷ പാർട്ടികളുടെ ആദ്യ മെഗാ സമ്മേളനം ജൂൺ 23 ന് പട്നയിലാണ് നടന്നത്. തുടർന്ന് ജൂലൈ 17-18 തീയതികളിൽ ബെംഗളൂരുവിൽ നടന്ന 26 പാർട്ടികളുടെ യോഗത്തിലാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന പേര് സ്വീകരിച്ചത്.
സഖ്യത്തിനായി 11 അംഗ കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അടുത്ത യോഗത്തിൽ കൺവീനറെ നിയമിക്കുമെന്നും ബംഗളൂരു യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു.
ഇന്നലെ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സാന്നിധ്യത്തിൽ രാഹുൽ ഗാന്ധി രാഷ്ട്രീയ ജനതാദൾ തലവൻ ലാലു യാദവുമായി അത്താഴവിരുന്നിന് കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യൻ സഖ്യത്തിന്റെ മുന്നോട്ടുള്ള വഴിയും ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.