മിത്തും റിയാലിറ്റിയും: സംഘ് പരിവാറിന്റെ ഒളിയജണ്ട

വിശ്വാസം വിശ്വാസവും ശാസ്ത്രം ശാസ്ത്രവുമാണ്. വാസ്തവത്തിൽ രണ്ടും കൂടി കൂട്ടിക്കുഴക്കേണ്ടതില്ല. ഏതാണ് വലുതെന്ന തർക്കവും അനാവശ്യമാണ്. തങ്ങൾ വിശ്വസിക്കുന്നവയിൽ ഭൂരിഭാഗവും വസ്തുനിഷ്ഠമല്ല എന്നറിയുന്നവർ തന്നെയാണ് മഹാഭൂരിപക്ഷവും. മിത്തുകളും വിശ്വാസവുമൊക്കെ ഒരു സമൂഹത്തിന്റെ ഭാഗമാണ്. അവയില്ലെങ്കിൽ ആ സമൂഹം വരണ്ടതായിരിക്കും. എത്രയോ വലിയ ശാസ്ത്രജ്ഞന്മാർ വിശ്വാസികളാണ്. നമ്മുടെ ശാസ്ത്ര അധ്യാപകർ ഭൂരിഭാഗവും അങ്ങനെയല്ലേ? റോക്കറ്റ് അയക്കുന്നതു പോലും നാളികേരമുടച്ചല്ലേ? വിശ്വാസത്തെ ശാസ്ത്രീയമായും യുക്തിപരമായും വിശകലനം ചെയ്ത് ശരിയല്ല എന്നു സ്ഥാപിക്കേണ്ട ആവശ്യം സത്യത്തിലില്ല. 

 

ശബരിമലയിലെ സ്ത്രീപ്രവേശന വിവാദ കാലത്തിനു സമാനമായ രീതിയിൽ ഒരു കലാപം ഒരിക്കൽ കൂടി കേരളത്തിൽ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ആസൂത്രിതമായി നടക്കുന്നുണ്ടോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകാത്ത രീതിയിലാണ് കാര്യങ്ങളുടേ പോക്ക്. 
സ്പീക്കർ ഷംസീറിന്റെ വിവാദ പ്രസംഗത്തെ അതിനായി ആളിക്കത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പതിവുപോലെ സംഘപരിവാർ ശക്തികളാണ് അത്തരമൊരു നീക്കം ആരംഭിച്ചത്. അവരുടെ ലക്ഷ്യം വ്യക്തമായതിനാൽ കാര്യമായ ജനപിന്തുണയൊന്നും ലഭിച്ചില്ല. എന്നാൽ ശബരിമല കാലത്തെ പോലെ എൻ.എസ്.എസ് തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. അന്നത്തെ മാതൃകയിൽ നാമജപ ഘോഷയാത്ര തന്നെയാണ് അവരുടെ സമരായുധം. 

ഇത്തരമൊരു സാഹചര്യത്തിൽ ഷംസീറിന്റെ പ്രസംഗം കേൾക്കാത്തവർ എന്താണ് അദ്ദേഹം പറഞ്ഞതെന്നു മനസ്സിലാക്കുന്നത് നല്ലതാണ്. പ്രസംഗത്തിലെ വിവാദ ഭാഗം ഇങ്ങനെയാണ്. 'നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമാണ്. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്? വിമാനം കണ്ടുപിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോൾ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ശാസ്ത്രത്തിനു പകരം മിത്തുകളെ വെക്കുന്നു. പാഠപുസ്തകങ്ങൾക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മിത്തുകളെ  പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം  തെറ്റാകുന്നതും ഹിന്ദുത്വ കാലം എന്നെഴുതിയത് ശരിയാകുന്നതും.

ചിലർ കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകില്ല. ഐ.വി എഫ്  ട്രീറ്റ്‌മെന്റിന് പോകാറുണ്ട്. വന്ധ്യതാ ചികിത്സയുടെ പ്രത്യേകത ചിലപ്പോൾ ഇരട്ടകളുണ്ടാകും, ചിലപ്പോൾ മൂന്നു പേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോൾ ചിലർ പറയുന്നു, അത് നേരത്തെയുള്ളതാണ്.  ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. വൈദ്യശാസ്ത്രം തന്നെ കൂടുതൽ കൂടുതൽ മൈക്രോ ആയി. സർജറി പ്ലാസ്റ്റിക് സർജറി ആയി. പ്ലാസ്റ്റിക് സർജറി എന്നു പറയുന്നത്, ചിലപ്പോൾ പരിക്കു പറ്റി കൊണ്ടുവരുമ്പോൾ ചില പെൺകുട്ടികളുടെ മുഖത്ത് കല വന്നാൽ ഡോക്ടർമാർ ചോദിക്കും  അല്ലാ.. നോർമൽ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സർജറിയിലൂടെ  സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാൽ അവിടെത്തന്നെ നിൽക്കുമല്ലോ..! പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സർജറി നടത്തണോയെന്നു സ്വാഭാവികമായും  ചോദിക്കും. പ്ലാസ്റ്റിക് സർജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാൽ, പ്ലാസ്റ്റിക് സർജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ  പ്രോത്സാഹിപ്പിക്കാൻ സാധിക്കണം.'

ഈ പ്രസംഗത്തിൽ എവിടെയാണ് മതനിന്ദയോ ദൈവനിന്ദയോ ഉള്ളത്? ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും  ഒരു മതവിശ്വാസി്വയയും വ്രണപ്പെടുത്താനുള്ള ഒന്നും പരാമർശിച്ചിട്ടില്ലെന്നും   ഷംസീർ ആവർത്തിക്കുന്നു. ഭരണഘടന സ്ഥാപനത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ഷംസീർ. ശാസ്ത്രീയ വീക്ഷണങ്ങൾ പ്രചരിപ്പിക്കാൻ ഒരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് ഇന്ത്യൻ ഭരണഘടന പറയുന്നുണ്ട്. അതു മാത്രമാണ് ഷംസീർ ചെയ്തത്.  താൻ ഒരു മതവിശ്വാസിയെയും വേദനിപ്പിക്കുന്ന വ്യക്തിയല്ല. മതവികാരങ്ങളെ വ്രണപ്പെടുത്തിയില്ല. പലരും മുമ്പ് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് താനും പറഞ്ഞത്. എന്നാൽ പറഞ്ഞത് വളച്ചൊടിച്ച്  പ്രചരിപ്പിക്കുകയാണ്. ഇന്ത്യയിൽ പലയിടങ്ങളിലും ഹേറ്റ് കാമ്പയിൻ നടക്കുന്നുണ്ട്. അത് കേരളത്തിലും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചർച്ചകൾ തന്നെ അനാവശ്യമാണെന്നും വിശ്വാസി സമൂഹം ഇത്തരം കുപ്രചാരണങ്ങൾ തള്ളിക്കളയുമെന്നും ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസം വിശ്വാസവും ശാസ്ത്രം ശാസ്ത്രവുമാണ്. വാസ്തവത്തിൽ രണ്ടും കൂടി കൂട്ടിക്കുഴക്കേണ്ടതില്ല. ഏതാണ് വലുതെന്ന തർക്കവും അനാവശ്യമാണ്. തങ്ങൾ വിശ്വസിക്കുന്നവയിൽ ഭൂരിഭാഗവും വസ്തുനിഷ്ഠമല്ല എന്നറിയുന്നവർ തന്നെയാണ് മഹാഭൂരിപക്ഷവും. മിത്തുകളും വിശ്വാസവുമൊക്കെ ഒരു സമൂഹത്തിന്റെ ഭാഗമാണ്. അവയില്ലെങ്കിൽ ആ സമൂഹം വരണ്ടതായിരിക്കും. എത്രയോ വലിയ ശാസ്ത്രജ്ഞന്മാർ വിശ്വാസികളാണ്. നമ്മുടെ ശാസ്ത്ര അധ്യാപകർ ഭൂരിഭാഗവും അങ്ങനെയല്ലേ? റോക്കറ്റ് അയക്കുന്നതു പോലും നാളികേരമുടച്ചല്ലേ? വിശ്വാസത്തെ ശാസ്ത്രീയമായും യുക്തിപരമായും വിശകലനം ചെയ്ത് ശരിയല്ല എന്നു സ്ഥാപിക്കേണ്ട ആവശ്യം സത്യത്തിലില്ല. എന്നാൽ ഷംസീർ അത്തരത്തിൽ ചെയ്തതിനു കൃത്യമായ കാരണമുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്നതിനു കടകവിരുദ്ധമായി മിത്തുകളെ ചരിത്രമായും വിശ്വാസത്തെ ശാസ്ത്രമായും ചിത്രീകരിക്കാനുള്ള നീക്കം ഔദ്യോഗിക തലത്തിൽ തന്നെ വ്യാപകമായി നടക്കുന്നു എന്നതാണത്. അതിനായി സിലബസുകൾ മാറ്റിയെഴുതുന്നു. ചരിത്രത്തെ തിരുത്തുന്നു. 


ലക്ഷ്യം വളരെ വ്യക്തമാണ്. അത് രാഷ്ട്രീയം തന്നെ. രാജ്യത്തെ പല സംസ്ഥാനങ്ങളിലും വിജയിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിനു കേരളത്തിൽ കാര്യമായ വേരോട്ടം ലഭിച്ചിട്ടില്ല. തീർച്ചയായും കേരളത്തിലെ സാംസ്‌കാരിക മേഖലയിൽ ഹിന്ദുത്വ ആശയങ്ങൾക്കും ഇസ്‌ലാമോഫോബിയക്കും വളരെ സ്വാധീനമുണ്ട്. ആർ.എസ്.എസിനു ശക്തമായ അടിത്തറയുമുണ്ട്. എന്നാൽ ഇവിടെ കാലങ്ങളായി നിലനിൽക്കുന്ന ഇരുമുന്നണി സംവിധാനം മൂലം അവർക്ക് അധികാര രാഷ്ട്രീയത്തിലെത്താൻ കഴിയുന്നില്ല. അതിനുള്ള ശ്രമം തുടരുന്നതിനിടയിലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണുകിട്ടുന്നത്. അവരാഗ്രഹിച്ച പോലെ എൻ.എസ്.എസ് അതിൽ കയറിപ്പിടിച്ചിരിക്കുന്നു. തനിക്കു വേണ്ടപ്പെട്ട ആരും താക്കോൽ സ്ഥാനത്തില്ലാതിരിക്കുന്നതിനാലും എൻ.എസ്.എസിൽ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തിയതിനാലും ഖിന്നനായിരുന്ന ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇതിനെ ഒരവസരമായി ഉപയോഗിക്കുകയാണെന്നു വ്യക്തം. 


രൂപം കൊണ്ട ആദ്യകാലത്ത് സമുദായത്തിനകത്തെ പിന്തിരിപ്പൻ ആശയങ്ങൾക്കെതിരെ നിലപാടെടുത്ത ചരിത്രമൊക്കെ എൻ.എസ്.എസിനുണ്ട്. മാത്രമല്ല, വൈക്കം സത്യഗ്രഹത്തിന്റെയൊക്കെ ഭാഗഭാഗാക്കാൻ സംഘടനയും അതിന്റെ അനിഷേധ്യ നേതാവായിരുന്ന മന്നത്ത് പത്മനാഭനും തയാറായി. എന്നാൽ അധികം താമസിയാതെ തന്നെ അതിന്റെ പുരോഗമന മുഖമൊക്കെ നഷ്ടപ്പെട്ടതും കേരളം കണ്ടു. അതിന്റെ ഏറ്റവും വലിയ ജീർണതയായിരുന്നു ശബരിമല കാലത്ത#് കണ്ടത്. സുപ്രീം കോടതി വിധിയെ പോലും വെല്ലുവിളിച്ചായിരുന്നല്ലോ കേരളത്തിലെ തെരുവുകളിൽ നാമജപ ഘോഷയാത്രയും കലാപവുമൊക്കെ അരങ്ങേറിയത്? ഏറ്റക്കുറച്ചിലുകളോടെ മൂന്നു മുന്നണികളും അതിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 

Latest News