Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആ ഹെലികോപ്ടര്‍ നിധി തേടി വന്നതൊന്നുമല്ല; എം എ യൂസഫലിയുടേത്

തിരുവനന്തപുരം- ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍ സഞ്ചരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ചയെന്ന ക്ഷേത്ര ഭരണ സമിതിയുടെ ആരോപണത്തിനെതിരെ നിജസ്ഥിതി വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും വ്യോമയാന രംഗത്തെ വിദഗ്ധനുമായ ജേക്കബ് കെ. ഫിലിപ്പ്. പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്ന ഹെലികോപ്ടര്‍ ഏതെന്ന് കണ്ടെത്താന്‍ പത്തുമിനുട്ട് നേരം ഏതെങ്കിലുമൊരു ഫ്‌ളൈറ്റ് ട്രാക്കിംഗ് സൈറ്റ് പരിശോധിച്ചാല്‍ മതിയായിരുന്നെന്നും അല്ലെങ്കില്‍ തിരുവനന്തപുരം അദാനി വിമാനത്താവളത്തിലെ പി. ആര്‍. ഒയെ ഫോണ്‍ വിളിച്ചു ചോദിച്ചാല്‍ കിട്ടുമായിരുന്നുവെന്നും വ്യക്തമാക്കുന്ന അദ്ദേഹം ഈ നേരമായിട്ടും ഈ വിവരങ്ങള്‍ അറിയാന്‍ ആരും ശ്രമിക്കാത്തത് എന്തുകൊണ്ടായിരിക്കുമെന്ന ചോദ്യമുന്നയിച്ചാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും വിമാനത്താവളത്തിലെ എയര്‍് ട്രാഫിക്ക് കണ്‍ട്രോള്‍ നിര്‍ദ്ദേശിച്ച വഴിലിയൂടെയാണ് ഹെലികോപ്ടര്‍ സഞ്ചരിച്ചതെ്‌നും ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി കുമ്മനം രാജശേഖരന്‍ ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്ടര്‍ പറന്നത് ആശങ്കാജനകമാണെന്നു പറഞ്ഞു രംഗത്തെത്തിയിരുന്നു. ക്ഷേത്ര നിലവറയില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ ശേഖരമുള്ളതിനാല്‍ വിമാനം പറന്നത് നിസ്സാരമായി കാണാനാകില്ലെന്നും കുമ്മനം പറഞ്ഞിരുന്നു. 

ജേക്കബ് കെ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ജൂലൈ 28 ന് രാത്രി ഏഴുമണിയോടെ ഒരു  ഹെലിക്കോപ്ടര്‍ വട്ടമിട്ടു പറന്നുവെന്ന കുമ്മനം രാജശേഖരന്റെ സംഭ്രമജനകമായ വെളിപ്പെടുത്തലിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇന്നു രാവിലെയാണ് കാണുന്നത്. കോടികള്‍ വിലമതിക്കുന്ന നിധി സൂക്ഷിക്കുന്ന ക്ഷേത്രം, രാത്രിയുടെ കൂറ്റാകൂരിരുട്ട്, മുകളില്‍ വട്ടമിട്ടു പറക്കുന്ന ഹെലിക്കോപ്ടര്‍- ത്രില്ലടിച്ചാണ് ഫ്ളൈറ്റ് ട്രാക്കിങ് സൈറ്റായ ഫ്ളൈറ്റ്റഡാര്‍24 ല്‍ അന്നത്തെ, ആ നേരത്തെ പറക്കലുകളുടെ ഒരു റീപ്ലേ നടത്തി നോക്കിയത്. 
വെറുതെയായില്ല, റീ പ്ലേ.
 
നേരിട്ടു കണ്ട സ്തോഭജനകമായ കാര്യങ്ങളുടെ ചുരുക്കം-
തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കു ചെയ്തിരുന്ന വിടി-എആര്‍ഐ എന്ന എയര്‍ബസ് എച്ച്145 (യൂറോകോപ്ടര്‍ ഇസി145) ഹെലികോപ്ടര്‍ 28ന് രാത്രി 7.05ന് പറന്നുയര്‍ന്ന് കുറേ ചുറ്റിപ്പറക്കലുകള്‍ക്കു ശേഷം 7.48ന് തിരിച്ചിറങ്ങുന്നു (പറക്കല്‍പ്പാത താഴെ ഇതോടൊപ്പമുണ്ട്).  
ഉവ്വ്- ഒരു വേള പദ്മനാഭിസ്വാമി ക്ഷേത്രം പറക്കല്‍പ്പാതയ്ക്ക് താഴെയായി വന്നിരുന്നു.
അതു കൊണ്ടും തീര്‍ന്നില്ല.
പിറ്റേന്നു പട്ടാപ്പകല്‍, രാവിലെ 9.32ന് വിമാനത്താവളത്തില്‍ നിന്ന് വീണ്ടുമൊന്നു പറന്നു പൊങ്ങി, 9.38ന് വിമാനത്താവളത്തില്‍ തന്നെ ഇറങ്ങി. 
പിന്നെ 11.05ന് വീണ്ടും പറന്നുയര്‍ന്ന് നേരെ വടക്കോട്ടു പറന്നു. 
-ലാന്‍ഡു ചെയ്തത് കോട്ടയം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്സ് പള്ളിക്കു സമീപം.
ഇനി 29ന് എല്ലാ പത്രങ്ങളിലും വന്ന വാര്‍ത്തകള്‍ നോക്കുക-
പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ മൈതാനത്ത് ഹെലിക്കോപ്ടറില്‍ ഇറങ്ങിയ എം. എ യൂസഫലി, ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ടു, അനുശോചനം അറിയിച്ചു.
അതേ- വിടി-എആര്‍ഐ എന്ന റജിസ്ട്രേഷനുള്ള ഈ ഹെലികോപ്ടര്‍ എം. എ യൂസഫലിയുടേതാണ്. 
2021 ഏപ്രില്‍ പനങ്ങാടുണ്ടായ അപകടത്തെ തുടര്‍ന്ന് ഒഴിവാക്കിയ ഹെലികോപ്ടറിനു ശേഷം ലുലു ഗ്രൂപ്പ് വാങ്ങിയ പുതിയ എയര്‍ബസ് ഹെലികോപ്ടര്‍.
(വിടി-എആര്‍ഐ യെ ട്രാക്കു ചെയ്യുന്നതിനിടെ ഒന്നു ശ്രദ്ധിച്ചാല്‍, 28ന് രാത്രി ഏഴരയോടെ അബുദാബിയില്‍ നിന്ന് യൂസഫലിയുടെ പ്രൈവറ്റ്ജെറ്റ് എ6-വൈഎംഎ തിരുവനന്തപുരത്തേക്ക് വരുന്നതും ലാന്‍ഡു ചെയ്യുന്നതും കാണാം.)
കോട്ടയത്തു നിന്ന് 29നു തന്നെ തിരിച്ചു പറന്ന ഹെലികോട്പര്‍ പിന്നെ 30ന് കൊച്ചി വിമാനത്താവളത്തിലേക്കു പറന്നു. പിന്നെ എങ്ങും പോയിട്ടില്ല.
ഇപ്പോള്‍ ചെന്നാല്‍, നെടുമ്പാശേരി വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ കാണാം.
യാത്രയൊക്കെ കഴിഞ്ഞ് ജൂലൈ 31ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.56ന് ഒന്നു പറന്നുയര്‍ന്ന് ഒന്നു ചുറ്റിയടിച്ച് 2.01 വീണ്ടും നെടുമ്പാശേരിയില്‍ തന്നെ ഇറങ്ങിയിരുന്നു, ഈ എയര്‍ബസ് ഹെലിക്കോപ്ടര്‍.
ആ പറക്കല്‍പ്പാതയുടെ കീഴെ നിധി സൂക്ഷിക്കുന്ന ക്ഷേത്രങ്ങളേതെങ്കിലുമുണ്ടായിരുന്നോ എന്ന് പരിശോധിക്കാവുന്നതുമാണ്.
ഏതെങ്കിലും ഫ്ളൈറ്റ്ട്രാക്കിങ് സൈറ്റില്‍ പത്തുമിനിറ്റ് ചെലവഴിച്ചാല്‍, അല്ലെങ്കില്‍ തിരുവനന്തപുരം അദാനി വിമാനത്താവളത്തിലെ പി. ആര്‍. ഒയെ ഒന്നു ഫോണ്‍ ചെയ്താല്‍ കിട്ടുമായിരുന്ന ഈ വിവരങ്ങള്‍ ഈ നേരമായിട്ടും ആരും അറിയാന്‍ മിനക്കെടാത്തത് എന്തുകൊണ്ടായിരിക്കും?

ജേക്കബ് കെ. ഫിലിപ്പ് ഇത്തരമൊരു പ്രചരണത്തിന് പിന്നിലെ 'ആശങ്ക'യുടെ ഉദ്ദേശ്യം കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. 

കഴിഞ്ഞ 28ന് ക്ഷേത്രത്തിനു മുകളിലൂടെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ നിരവധി തവണ പറന്നത് ഭീതിജനകമാണെന്ന് ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ഡി. സി. പി സിറ്റി കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ക്ഷേത്രത്തിനുമുകളില്‍ നോണ്‍ ഫ്‌ളൈയിങ് സോണ്‍ പ്രഖ്യാപിക്കണമെന്ന് കമ്മിഷണര്‍ ഡി. ജി. പിക്കു ശുപാര്‍ശ നല്‍കി. ഇതിനു പിന്നാലെയാണ് കോപ്റ്റര്‍ യൂസഫലിയുടേതായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Latest News