ജിദ്ദ- ഉക്രെയിന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ജിദ്ദയിലെത്തി. ചര്‍ച്ചകള്‍ ഇന്നും നാളെയുമായാണ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് അദ്ദേഹം ജിദ്ദയിലേക്ക് തിരിച്ചത്. ചര്‍ച്ചയില്‍ ചൈന, അമേരിക്ക, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ മേധാവികളും പങ്കെടുക്കുന്നുണ്ട്. ഉക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി ഇക്കഴിഞ്ഞ മെയ് മാസം ജിദ്ദയില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഈ ദ്വിദിന ഉക്രെയിന്‍ സമാധാന ചര്‍ച്ച സൗദി അറേബ്യയില്‍ നടത്താന്‍ തീരുമാനിച്ചത്. 2022 ഫെബ്രുവരിയില്‍ റഷ്യ- ഉക്രെയിന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ റഷ്യയുമായുള്ള സൈനിക സാമ്പത്തിക ബന്ധങ്ങളില്‍ അറബ് രാജ്യങ്ങള്‍ നിഷ്പക്ഷത പാലിച്ചു വരികയായിരുന്നു.