ഇസ്‌ലാമാബാദ് - തോഷഖാന അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാനെ(70) മൂന്നു വർഷത്തെ തടവിന് ശിക്ഷ വിധിച്ചതിന് പിന്നാലെ അറസ്റ്റ്‌ചെയ്തു. ഇസ്‌ലാമാബാദിലെ വിചാരണ കോടതിയുടെ വിധിക്കു പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തോഷാഖാന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇംറാൻ ഖാനെ അഞ്ചുവർഷത്തേക്ക് വിലക്കിയിട്ടുണ്ട്. തടവിനൊപ്പം ഇംറാൻ ഖാൻ ഒരുലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷയനുഭവിക്കേണ്ടി വരും. ഇതോടെ പാകിസ്താനിൽ നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇംറാൻ ഖാന് മത്സരിക്കാനാവില്ല.
അതിനിടെ, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇംറാൻഖാൻ വ്യക്തമാക്കി. കോടതി വിധിയോടനുബന്ധിച്ച് വൻ പോലീസ് സന്നാഹത്തെയാണ് ഇംറാന്റെ വീടിനു സമീപം വിന്യസിച്ചത്. പി.ടി.ഐ പ്രവർത്തകരെ വീട്ടിലേക്ക് കടത്തിവിട്ടിട്ടില്ല. വീടിനു പുറത്ത് ആളുകൾ കൂടിനിൽക്കുന്നതും പ്രതിഷേധിക്കുന്നതും വിലക്കിയിട്ടുണ്ട്.
2022 ആഗസ്തിൽ മുഹ്‌സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും മറ്റു ചിലരുമാണ് ഇംറാനെതിരെ കേസ് നൽകിയത്. ഇംറാൻ പ്രധാനമന്ത്രിയായിരിക്കെ വിവിധ രാജ്യങ്ങളിൽനിന്നും മറ്റും ലഭിച്ച പാരിതോഷികങ്ങൾ വിൽപ്പന നടത്തി കൃത്രിമം കാണിച്ചുവെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ഇത്തരത്തിലുള്ള വില പിടിപ്പുള്ള സമ്മാനങ്ങൾ രാജ്യത്തിന്റെ ഖജനാവിലേക്കുള്ളതാണ്. നിശ്ചിത തുകയിൽ കുറവാണ് സമ്മാനങ്ങളുടെ മൂല്യമെങ്കിൽ കൈവശം വെക്കാം. അതുപോലെ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ചും സ്വന്തമാക്കാം. എന്നാൽ, ഇംറാൻ ഈ സമ്മാനങ്ങൾ 20 ശതമാനം വിലകുറച്ച് വാങ്ങിയ ശേഷം മറിച്ചു വിറ്റുവെന്നായിരുന്നു പരാതി.