Sorry, you need to enable JavaScript to visit this website.

ശിവജിക്കെതിരായ പരാമർശം; ഗോവയിൽ വൈദികനെതിരെ കേസെടുത്തു

പനാജി-മറാത്ത യോദ്ധാവ്  ഛത്രപതി ശിവജി മഹാരാജിനെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് ഗോവയിലെ കത്തോലിക്ക പുരോഹിതനെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിലാണ്  ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഫാ. ബോൾമാക്സ് പെരേരയ്‌ക്കെതിരെ  കേസെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തെക്കൻ ഗോവയിലെ കുങ്കോലിം, കാനക്കോണ എന്നിവയുൾപ്പെടെ മറ്റ് പോലീസ് സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചെങ്കിലും വാസ്കോ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ, തന്റെ പരാമർശം തെറ്റായി ഉദ്ധരിച്ചതാണെന്ന് വ്യക്തമാക്കി പെരേര മാപ്പ് പറഞ്ഞിരുന്നു. 

മാപ്പ് പറഞ്ഞെങ്കിലും വൈദികനെ  അറസ്റ്റ് ചെയ്യാൻ ബജ്‌റംഗ്ദൾ ആവശ്യപ്പെടുകയായിരുന്നു.  അതേസമയം നിയമപ്രകാരം അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉറപ്പു നൽകുകയും ചെയ്തു. വാസ്കോ നഗരത്തിനടുത്തുള്ള ചിക്കാലിമിലെ  പള്ളിയിലെ  പുരോഹിതന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഛത്രപതി ശിവജിയെ ദൈവമായി കണക്കാക്കാനാവില്ലെന്നാണ് ഇതിൽ പറയുന്നത്. ബജ്‌റംഗ്ദൾ ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി വലതുപക്ഷ സംഘടനകൾ അദ്ദേഹത്തിന്റെ പരാമർശത്തെ അപലപിച്ച് രംഗത്തുവന്നു. 

വൈദികനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ വെള്ളിയാഴ്ച വൈകുന്നേരം വാസ്കോ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.  പ്രദേശം സംഘർഷഭരിതമായിരുന്നു.

Latest News