ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, യുവാവ് അറസ്റ്റിൽ

തൃശൂർ- നഗ്നവീഡിയോ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. അവിണിശേരി പഞ്ചായത്ത് ഏഴുകമ്പനി തോണിവളപ്പിൽ അഭിലാഷി(34)നെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ആനക്കല്ല് ജംങ്ഷനിൽ കാരമൽ വെഡ്ഡിംഗ് എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയാണ്. മൂന്നു വർഷം മുമ്പാണ് ഇയാൾ വീട്ടമ്മയുമായി ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഇവർ അറിയാതെ സ്വകാര്യദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പിന്നീടാണ് ഭീഷണിപ്പെടുത്തിയത്. ബന്ധുക്കൾക്ക് ചിത്രങ്ങൾ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടമ്മ ഇക്കാര്യം ഭർത്താവിനെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയിൽനിന്ന് ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും പെൻഡ്രൈവുകളും പോലീസ് പിടികൂടി. ഐ.ടി ആക്ട് വകുപ്പ് പ്രകാരമുള്ള കേസാണ് ഇയാൾക്ക് എതിരെ ചുമത്തിയത്. 
 

Latest News