Sorry, you need to enable JavaScript to visit this website.

ത്രിപുരയിൽ പെൺകുട്ടികളുടെ ഹിജാബ് വലിച്ചുകീറി, തടഞ്ഞ പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം

ഗുവാഹത്തി- മുസ്്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് സ്‌കൂളിൽ പ്രവേശിക്കുന്നത് തടഞ്ഞതിനെ എതിർത്തതിന് ത്രിപുരയിലെ വലതുപക്ഷ ഗ്രൂപ്പിലെ ആക്രമികൾ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിനിരയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂളിന് മുന്നിൽ നിന്ന് വലിച്ചിഴച്ച് മർദിച്ചതായും പ്രധാനാധ്യാപകൻ ഉൾപ്പെടെ ഒരു അധ്യാപകനും രക്ഷിക്കാൻ എത്തിയില്ലെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അതേസമയം, അക്രമികൾ പുറത്തുനിന്നുള്ളവരായിരുന്നുവെന്നും സ്‌കൂളുമായി ഒരു തരത്തിലും ബന്ധമില്ലെന്നുമാണ് അധികൃതർ പറയുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സെപാഹിജാല ജില്ലയിലെ ബിഷാൽഗഡ് സബ്ഡിവിഷൻ പ്രദേശം സംഘർഷഭരിതമായിരുന്നു.
ഒരാഴ്ച മുമ്പ്, വലതുപക്ഷ സംഘടനയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം പൂർവ വിദ്യാർത്ഥികൾ സ്‌കൂളിലെത്തി മുസ്്‌ലിം പെൺകുട്ടികളെ സ്‌കൂൾ വളപ്പിൽ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് ആശങ്ക ഉന്നയിക്കുകയും ഹിജാബ് അനുവദിക്കരുതെന്ന് ഹെഡ്മാസ്റ്ററോട് ആവശ്യപ്പെടുകയും ചെയ്തു. നിർദ്ദിഷ്ട സർക്കാർ യൂണിഫോം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരായിരുന്നു ആവശ്യവുമായി എത്തിയത്. പിന്നീടാണ് അക്രമികൾ എത്തി പെൺകുട്ടികളുടെ ഹിജാഹബ് മാറ്റാൻ ആവശ്യപ്പെട്ടത്. ഇത് തടഞ്ഞ പത്താം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി സംഘം മർദ്ദിക്കുകയും ചെയ്തു. 
പ്രദേശത്ത് കനത്ത പോലീസ് സന്നാഹമൊരുക്കി. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ മുൻകരുതൽ നടപടിയെന്ന നിലയിൽ ക്ലാസുകൾ നിർത്തിവെച്ചു. 

Latest News