കുൽഗാം- ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു.ഹാലൻ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനാണിത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് ആർമിയുടെ 15 കോർപ്‌സ് ട്വീറ്റിൽ പറഞ്ഞു. കുൽഗാമിലെ ഹലാനിലെ ഉയർന്ന പ്രദേശങ്ങളിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചത്. തീവ്രവാദികളുമായുള്ള വെടിവയ്പിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. തിരച്ചിൽ പ്രവർത്തനങ്ങൾ തുടരുകയാണെന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് കൂടുതൽ സേനയെ എത്തിക്കുകയും തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിൽ പൂഞ്ച്, രജൗരി ജില്ലകളിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും അഞ്ച് ഉന്നത കമാൻഡോകൾ ഉൾപ്പെടെ 10 സൈനികർ കൊല്ലപ്പെട്ടിരുന്നു.