അനുഷ സ്‌നേഹയെ കൊല്ലാന്‍ ശ്രമിച്ചത് ഭര്‍ത്താവിനെ സ്വന്തമാക്കാന്‍

തിരുവല്ല-സ്വകാര്യ ആശുപത്രിയില്‍ പ്രസവശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തിയ യുവതി കുത്തിവയ്പ് നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ(27) യാണ് കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹയെ (25) കൊല്ലാന്‍ ശ്രമിച്ചത്. മരുന്നില്ലാത്ത സിറിഞ്ച് ഉപയോഗിച്ച് വായു ധമനികളില്‍ കയറ്റി കൊല്ലാനായിരുന്നു ശ്രമം. മൂന്ന് തവണ സിറിഞ്ച് കൊണ്ട് കുത്തി. ഇഞ്ചക്ഷന്‍ നല്‍കാനായി തട്ടവും മാസ്‌കും നഴ്‌സിന്റെ വേഷവും ധരിച്ചാണ് പ്രതിയെത്തിയത്.സ്‌നേഹയുടെ ഭര്‍ത്താവ് അരുണും അനുഷയും കോളേജില്‍ പഠിക്കുമ്പോള്‍ തൊട്ട് പ്രണയത്തിലായിരുന്നു. വധശ്രമം നടക്കുമ്പോള്‍ അരുണ്‍ ആശുപത്രിയിലുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനുഷ എത്തുമ്പോള്‍ സ്‌നേഹയും അമ്മയും മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. അരുണിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അതേസമയം, വധശ്രമത്തിനിരയായ സ്‌നേഹയ്ക്ക് ഹൃദയാഘാതമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. പ്രതി നേരത്തെ രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. രണ്ടാം ഭര്‍ത്താവ് വിദേശത്താണ്. അനുഷ ഫാര്‍മസിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Latest News