Sorry, you need to enable JavaScript to visit this website.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ  സ്വകാര്യ ഹെലികോപ്റ്റര്‍ രാത്രിയില്‍  5 തവണ പറന്നു 

തിരുവനന്തപുരം- ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ സഞ്ചരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് ക്ഷേത്ര ഭരണസമിതി. ജൂലൈ 28ന് രാത്രി ഏഴു മണിയോടെ, അഞ്ചു തവണ ഹെലികോപ്റ്റര്‍ ക്ഷേത്രത്തിനു മുകളിലൂടെ പറന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു വിമാനമാണ് പറന്നതെന്നാണു പോലീസ് വിശദീകരണം.
സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് സിറ്റി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിലയിരുത്തല്‍. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഏവിയേഷന്‍ അധികൃതര്‍ പോലീസിനോട് വ്യക്തമാക്കി. സൈന്യത്തില്‍ നിന്നു വിരമിച്ച പൈലറ്റുമാര്‍ സ്വകാര്യ വിമാനക്കമ്പനികളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഇത്തരം പരിശീലന പറത്തലുകള്‍ നടത്താറുണ്ടെന്നു പോലീസ് പറഞ്ഞു. ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നത് ആശങ്കാജനകമായ വാര്‍ത്തയാണെന്ന് ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഭക്തജനങ്ങള്‍ ആശങ്കയിലാണ്. ക്ഷേത്ര നിലവറയില്‍ കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്വര്‍ണശേഖരം കണ്ടെത്തിയ ശേഷം വലിയ സുരക്ഷയാണ് ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനം പറന്നത് നിസ്സാരമായി കാണാനാകില്ല. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

Latest News