കൊല്ലം - പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്ത മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 രോഗികൾക്ക് ദേഹാസ്വാസ്ഥ്യം. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർക്ക് വെള്ളിയാഴ്ച വൈകുന്നേരമുള്ള കുത്തിവെപ്പിന് പിന്നാലെ, രാത്രി ഒൻപത് മണിയോടെ പനി, വിറയൽ, തളർച്ച, ശരീരവേദന അടക്കമുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കും എട്ടുപേരെ താലൂക്ക് ആശുപത്രിയിലെ തന്നെ അത്യാഹിത വിഭാഗത്തിലേക്കും മാറ്റിയതായാണ് വിവരം.
കുട്ടികൾ ഉൾപ്പെടെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ പറഞ്ഞത്. കുത്തിവെപ്പിനുള്ള മരുന്ന് മാറിയതാണെന്ന് ആരോപണം ഉയർന്നെങ്കിലും അധികൃതർ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.






