തൊടുപുഴ- തട്ടക്കുഴ- ചെപ്പുകുളം റോഡിലേക്ക് കൂറ്റൻപാറ വീണു. അപകടം ഉണ്ടായില്ലെങ്കിലും ഗതാഗതം തടസപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിൽ ചെപ്പുകുളം സി.എസ്.ഐ ചർച്ചിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൂറ്റൻ പാറയും ഇതിനൊപ്പം വലിയ തോതിൽ കല്ലും മണ്ണും ആണ് റോഡിലേക്ക് പതിച്ചത്.
രാവിലെ പ്രദേശത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. പിന്നാലെയാണ് 15 അടിയോളം ഉയരത്തിൽ നിന്ന് പാറ വീണത്. അപകടം നടന്ന സമയത്ത് ഇതുവഴി വാഹനവും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പൊതുമരാമത്ത് അധികൃതർ സ്ഥലം പരിശോധിച്ചു. കമ്പ്രസർ എത്തിച്ച് പാറ ചെറിയ കഷ്ണങ്ങളായി പൊട്ടിച്ച് മാറ്റുന്ന ജോലിയും ആരംഭിച്ചു. വൈകിട്ടോടെ ഒറ്റവരിയിൽ ഗതാഗതം പുനഃരാരംഭിച്ചു. ബസ് സർവീസ് പൂർണമായും നിലച്ചിരിക്കുകയാണ്. റോഡിലേക്ക് വീണ പാറക്ക് സമീപം പാറ വിണ്ടുകീറി നിൽക്കുകയാണ്. ഈ ഭാഗം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശം.






