ചിയാങ് റായി- തായ്‌ലൻഡിലെ ചിയാങ് റായിൽ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളും അവരുടെ ഫുട്‌ബോൾ കോച്ചും ഒമ്പത് ദിവസം ജീവൻ നിലനിർത്തിയത് മഴ വെള്ളം കുടിച്ചാണെന്ന് വെളിപ്പെടുത്തൽ. പാറമേൽനിന്ന് ഉറ്റിവീഴുന്ന വെള്ളമാണ് തങ്ങൾ കുടിച്ചതെന്ന് കുട്ടികളും കോച്ചും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗുഹയിൽനിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവർ ആദ്യമായാണ് ഇന്നലെ പൊതുവേദിയിലെത്തിയത്. ഫുട്‌ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ ഗുഹയിൽ കയറിയ ഇവരെ ഒമ്പത് ദിവസം കഴിഞ്ഞാണ് രക്ഷാപ്രവർത്തകർക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നത്.
അധികൃതരെ കാത്തുനിൽക്കുന്നതിനു പകരം രക്ഷാമാർഗം കണ്ടെത്തുന്നതിന് ഗുഹ തുരക്കുന്നതിന് ശ്രമം നടത്തിയിരുന്നുവെന്ന് കോച്ച് എക്കാപോൽ ചാന്റവോഗ് പറഞ്ഞു. ജൂൺ 23 ന് ഗുഹയിൽ കുടുങ്ങിയവരെ രണ്ട് ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരാണ് കണ്ടെത്തിയിരുന്നത്. അതിനു ശേഷം ഇവരുട ജീവൻ നിലനിർത്തുന്നതിനുള്ള മരുന്നുകളും വൈറ്റമിനുകളും എത്തിച്ചിരുന്നു.