മര്‍ദിച്ച പോലീസുകാരുടെ പേരുകളടക്കം മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന

പത്തനംതിട്ട - കലഞ്ഞൂര്‍ പാടം നൗഷാദ് തിരോധാന കേസില്‍  മുഖ്യമന്ത്രിക്ക് പരാതി നല്‍കി നൗഷാദിന്റെ ഭാര്യ അഫ്‌സാന. പോലീസ് മര്‍ദിച്ച് കൊലക്കുറ്റം സമ്മതിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഒപ്പം സംസ്ഥാന പോലീസ് മേധാവിക്കും യുവജന കമ്മീഷനും അഫ്‌സാന പരാതി നല്‍കി യിട്ടുണ്ട്. മര്‍ദിച്ച പോലീസുകാരുടെ പേരുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി നല്‍കിയത്. ഡിവൈ.എസ്.പി ഉള്‍പ്പെടെ ഏഴ് പേര്‍ മര്‍ദിച്ചു.

കൊലക്കുറ്റം  തന്റെ മേല്‍ അടിച്ചേല്‍പ്പിച്ചെന്ന അഫ്‌സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാര്‍ക്കെതിരെ അഫ്‌സാന പരാതി നല്‍കിയത്. പത്തനംതിട്ട എ.എസ്.പിക്കാണ് അന്വേഷണ ചുമതല. പത്തനംതിട്ട എസ്.പിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. നൗഷാദിനെ കാണാതാവുന്ന ദിവസം രാവിലെ നൗഷാദ് അടൂര്‍പരുത്തിപ്പാറയില്‍നിന്ന് നടന്നുപോകുന്നത് കണ്ടവരുണ്ടെന്ന് പറഞ്ഞിട്ടും പോലീസ് തന്നെ മുന്‍വിധിയോടെ കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടിത്തൂക്കി മര്‍ദ്ദിക്കുമെന്ന് പോലീസ് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്‌സാന പരാതിയില്‍ പറയുന്നു.

 

Latest News