Sorry, you need to enable JavaScript to visit this website.

ഗണപതിയുടെ പേരിൽ....

കഴിഞ്ഞ ഒന്നര ദശാബ്ദമായി ബി.ജെ.പി പയറ്റുന്ന ധ്രുവീകരണ രാഷ്ട്രീയം തെരഞ്ഞെടുപ്പ് കാലമായപ്പോൾ കൂടുതൽ ശക്തിയോടെ പത്തിവിടർത്തിയിരിക്കുന്നു. മണിപ്പൂരിലും ഹരിയാനയിലും മാത്രമല്ല, കൊച്ചുകേരളത്തിലും അതിന്റെ അലയൊലികൾ കേൾക്കാം. നിയമസഭ സ്പീക്കറുടെ പ്രസംഗത്തിൽ പിടിച്ചുകയറി ഹിന്ദുവികാരം ജ്വലിപ്പിക്കാനും അതുവഴി വർഗീയ ധ്രുവീകരണം ശക്തമാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. ആ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രതയാണ് മതേതര പാർട്ടികൾ കാണിക്കേണ്ടത്. 

 

എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എൻ.ഇ. സുധീറിന്റെ വാക്കുകളിൽനിന്ന് തുടങ്ങട്ടെ:

'എ.എൻ. ഷംസീർ ഒരു കൂട്ടം സ്‌കൂൾ വിദ്യാർഥികളുടെ മുന്നിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ ചില കാര്യങ്ങൾ വിവാദമായതെന്തുകൊണ്ടാണ് എന്ന് ആലോചിക്കുകയായിരുന്നു. പ്രസംഗം പല തവണ കേട്ടു നോക്കി. എന്നിട്ടൊന്നും എനിക്കു സംഗതിയുടെ ഗുട്ടൻസ് പിടികിട്ടുന്നുമില്ല. തുടർന്ന് ആരൊക്കെയാണ് അത് ഏറ്റുപിടിച്ചത് എന്ന് നോക്കിയപ്പോൾ ഏകദേശം കാര്യം പിടികിട്ടി. അതിലൊരു പ്രശ്നം കണ്ടെത്തണമെങ്കിൽ എനിക്കൊരു വർഗീയ മനസ്സ് വേണം. തികഞ്ഞ വർഗീയവാദികൾക്കു മാത്രമേ ഷംസീറിന്റെ വാക്കുകളിൽ വിഷം ആരോപിക്കാൻ സാധിക്കൂ. അവർക്കു മാത്രമേ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മിത്തിനെയും  ശാസ്ത്രത്തെയും വേർതിരിച്ചറിയാൻ കഴിയാതിരിക്കൂ. 
ശാസ്ത്ര വികാരത്തിന് വ്രണപ്പെടുന്ന സ്വഭാവമില്ലാത്തതുകൊണ്ടും അതിന് ശ്രമിക്കുന്നവരെ ശിക്ഷിക്കാൻ വകുപ്പില്ലാത്തതുകൊണ്ടുമാണ് ഈ വർഗീയവാദികൾ ഈ നൂറ്റാണ്ടിലും സമാധാനമായി അവരവരുടെ വീട്ടിൽ കിടന്നുറങ്ങുന്നത്. അല്ലാതെ വ്രണപ്പെടാതെ അവർ സംരക്ഷിക്കുന്ന ഗണപതിമാരുടെ കൃപാകടാക്ഷം കൊണ്ടല്ല. ഡാർവിനെയും ന്യൂട്ടനെയും  ഐൻസ്റ്റയിനെയും ഡോക്കിൻസിനെയുമൊക്കെ  ആർക്കു വേണമെങ്കിലും  എത്ര വേണമെങ്കിലും അവഹേളിക്കാം!
അതിനെയൊന്നും ചോദ്യം ചെയ്യാനിവിടെ ആളില്ലല്ലോ. 
നെഹ്റുവിൽ നിന്ന് മോഡിയിലേക്ക് പിന്നോക്കം നടന്ന നാടല്ലേ!
ഷംസീർ പറഞ്ഞ കാര്യങ്ങൾ ഞാനുമൊക്കെ വിദ്യാർഥികളോട് പറയാറുണ്ട്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ തുടർന്നും പറയേണ്ടി വരും. ശാസ്ത്രത്തെപ്പോലെ  മിത്തുകൾക്കും വ്രണപ്പെടുന്ന സൂക്കേടില്ലാത്തതാണ്. എന്നാൽ മിത്തുകളെയും പുരാണങ്ങളെയും പിൻപറ്റി അന്നവും അധികാരവും നിലനിർത്തുന്നവരുടെ അസുഖം മറ്റു ചിലതാണ്. അവരെയാണ്, അത്തരം വർഗീയ മനസ്സുള്ളവരെയാണ് യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സക്കു വിധേയമാക്കേണ്ടത്. അവരുടെ മനോഭാവത്തിലാണ് തിരുത്തു വരുത്തേണ്ടത്. അല്ലാതെ യാഥാർഥ്യത്തെ ഓർമിപ്പിക്കുന്ന, സത്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഷംസീറിനെപ്പോലുള്ളവർക്കല്ല.'

മതേതര കേരളം ഒന്നടങ്കം പ്രതിധ്വനിപ്പിക്കേണ്ട വാക്കുകളായിരുന്നു ഇത്. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ മുഴങ്ങിക്കേൾക്കുന്നത് പച്ചയായ വർഗീയതയുടെ വിഷം വമിക്കുന്ന വാക്കുകളാണ്. കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മതമുള്ളവരും ഇല്ലാത്തവരും ഒക്കെച്ചേർന്ന് പരാജയപ്പെടുത്തേണ്ട ചില സാമൂഹിക ഘടകങ്ങൾ ഇപ്പോഴും കേരളത്തിൽ അവശേഷിക്കുന്നു. അതിന്റെ വലിയ പ്രതിനിധിയാണ് ജി. സുകുമാരൻ നായർ എന്ന എൻ.എസ്.എസ് നേതാവ്.

തെരഞ്ഞെടുപ്പിലേക്ക് നാട് അടുക്കുമ്പോൾ വർഗീയ ധ്രുവീകരണത്തിനുള്ള ഏത് അവസരവും പാഴാക്കാതിരിക്കുക എന്നത് ഹിന്ദുത്വ ശക്തികളുടെ സ്വാഭാവിക രീതിയാണ്. മോഡി-ഷാ യുഗത്തിൽ അതിന് സവിശേഷമായ പ്രാധാന്യവുമുണ്ട്. കാരണം, വർഗീയ ധ്രുവീകരണം മാത്രമാണ് അവരുടെ തെരഞ്ഞെടുപ്പ് അജണ്ട. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ദശാബ്ദത്തിനിടെ നടന്ന അസംഖ്യം നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവർ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണത്. 2024 തെരഞ്ഞെടുപ്പിലും ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തേണ്ട ആവശ്യം അവർക്കുണ്ട്. കൃത്യസമയത്താണ് വിവാദം വീണുകിട്ടിയത്. 

ബി.ജെ.പി തുടങ്ങിവെച്ച വർഗീയ സംരംഭം പെട്ടെന്നാണ് എൻ.എസ്.എസ് ഏറ്റെടുത്തത്. അതിലൂടെ മാത്രമേ വോട്ട് ബാങ്കുകളിൽ വിള്ളലില്ലാതിരിക്കാൻ എന്തും ചെയ്യുന്ന ഇടതു, വലതു രാഷ്ട്രീയ കക്ഷികളെ നിലക്ക് നിർത്താൻ കഴിയൂ എന്ന് ബി.ജെ.പിക്ക് അറിയാം. തികച്ചും നിഷ്‌കളങ്കമായി, എൻ.എസ്.എസ് നടത്തിയ ഒരു പ്രാർഥനാ പരിപാടിയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് ആരും കരുതുന്നില്ല. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതു, വലതു മുന്നണികൾക്കിടയിൽ വിലപേശാനുള്ള മികച്ച അവസരമായാണ് എൻ.എസ്.എസ് ഇതിനെ കാണുന്നത്. 

ദേശീയ തലത്തിൽ തന്നെ സാമൂഹികാന്തരീക്ഷം വഷളായി വരുന്നത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരിസരമൊരുക്കലാണെന്നതിൽ സംശയമൊന്നുമില്ല. വർഗീയ ധ്രുവീകരണവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും തമ്മിലുള്ള നാഭീ-നാള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നാലിന്ന് അത് ഏറെ വിഷമയവും അപകടകരവുമായി മാറിയിരിക്കുന്നു എന്ന് മാത്രം. ഹരിയാനയിൽ ഇപ്പോൾ തുടക്കമിട്ടിരിക്കുന്ന കലാപങ്ങൾ ഉത്തരേന്ത്യയിൽ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പുകൾ കൂടി ലക്ഷ്യമിട്ടാണ്. രാജസ്ഥാനിലേക്കും മധ്യപ്രദേശിലേക്കും ദൽഹിയിലേക്കും അതിന്റെ അലയൊലികൾ എത്തിച്ചേരാൻ എല്ലാ സാധ്യതകളുമുണ്ട്. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക ധ്രുവീകരണത്തിന്റെ പ്രാഥമിക ഉറവിടം ദേശീയതയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ഒരു ചോദ്യമാണ്: ഏകദേശം 80 ശതമാനം ജനങ്ങളും ഹിന്ദുക്കളാണെന്നിരിക്കേ ഇന്ത്യ ഒരു മതേതര രാജ്യമായിരിക്കണോ ഹിന്ദു രാഷ്ട്രമാവണോ? 1970 കൾ വരെ മതേതരവും ബഹുസ്വര സ്വഭാവമുള്ളതുമായ കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ആധിപത്യം ഈ വിഷയത്തിൽ ധ്രുവീകരണത്തെ പിടിച്ചുനിർത്തിയിരുന്നുവെങ്കിലും, സമീപദശകങ്ങളിൽ ഹിന്ദു ദേശീയ സംഘടനകളുടെ വർധിച്ചുവരുന്ന പ്രാധാന്യം സംഘർഷങ്ങൾ കുത്തനെ വർധിപ്പിച്ചു. ഭിന്നിപ്പുള്ള രാഷ്ട്രീയ നേതൃത്വം, ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനം, മാധ്യമ രംഗത്തെ മാറ്റങ്ങൾ, മത്സരാധിഷ്ഠിത ജാതി രാഷ്ട്രീയത്തിന്റെ ഉയർച്ച എന്നിവ ക്രമാനുഗതമായി ധ്രുവീകരണം തിളച്ചുമറിയാൻ ഇടയാക്കി.
2014 ലും 2019 ലും ഹിന്ദു ദേശീയവാദികളായ ഭാരതീയ ജനതാ പാർട്ടിയുടെ  തകർപ്പൻ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷം, കടുത്ത ധ്രുവീകരണത്തിന്റെ അനന്തരഫലങ്ങൾ കൂടുതൽ ആശങ്കാജനകമായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ സ്വതന്ത്ര രാഷ്ട്രീയ സ്ഥാപനങ്ങൾക്ക് നേരെയുള്ള പക്ഷപാതപരമായ ആക്രമണങ്ങൾ ശക്തമായി. പ്രതിപക്ഷ പാർട്ടികൾ ബഹുസ്വരതയെയും മതനിരപേക്ഷതയെയും സംരക്ഷിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്നുവെങ്കിലും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ വിദ്വേഷവും അക്രമവും ജ്വലിച്ചുയർന്നു. സാമൂഹിക തലത്തിൽ ഈ പ്രതിസന്ധി അസഹിഷ്ണുത വർധിപ്പിക്കുക മാത്രമാണ് ചെയ്തത്, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിനെതിരെ. രാജ്യത്തിന്റെ ഭൂരിപക്ഷാഭിമുഖ്യത്തെ ചെറുക്കുന്നതിനും പൗരസംവാദം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ വിവിധ കോണുകളിൽനിന്ന് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ സാമുദായിക ധ്രുവീകരണം മുൻ ദശാബ്ദങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതൽ വിഷലിപ്തമാണ്, അത് കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നുമില്ല.

ദേശീയ സ്വത്വത്തിന്റെ മതേതര-ഹിന്ദുത്വ ദർശനങ്ങൾ തമ്മിലുള്ള വിഭജനമാണ് ഇന്ത്യയിലെ ധ്രുവീകരണത്തിന്റെ കേന്ദ്ര അച്ചുതണ്ട്. ജാതി, വർഗം, ഭാഷ, പ്രദേശം എന്നിവയിലെ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ധ്രുവീകരണം ഇല്ലെന്നല്ല, ദേശീയ തലത്തിൽ ഇത്തരത്തിൽ ഒരു ഗ്രൂപ്പിനും ആധിപത്യം സ്ഥാപിക്കാൻ കഴിയാത്തതിനാൽ ഈ പിളർപ്പുകൾക്ക് വലിയ രീതിയിൽ സ്വാധീനം സ്ഥാപിക്കാനായില്ലെന്ന് മാത്രം. 1975 നും 1977 നും ഇടയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സർക്കാർ പ്രഖ്യാപിച്ച അടിയന്തരവാസ്ഥക്കാലം ഒഴികെ,  ധ്രുവീകരണം ഒരിക്കലും ഇന്ത്യൻ ജനാധിപത്യത്തിന് അസ്തിത്വ ഭീഷണി ഉയർത്തിയിട്ടില്ല. അതാകട്ടെ രാജ്യത്തെ അമ്പരപ്പിച്ച ഒരു ഇരുണ്ട അധ്യായമായി മാറിതാനും. ധ്രുവീകരണത്തിന്റെ മറ്റു കാരണങ്ങളുടെ പ്രാധാന്യം എന്തായാലും ഹിന്ദു ദേശീയതയുണ്ടാക്കിയ വിഭജനം ഇന്ന് ഇന്ത്യയിൽ ലിബറൽ സ്വാതന്ത്ര്യത്തെയും ബഹുസ്വര ജനാധിപത്യത്തെയും ഗുരുതരമായി അപകടത്തിലാക്കുന്നു.
ഇന്ത്യൻ ദേശീയ സ്വത്വത്തെച്ചൊല്ലിയുള്ള വിഭജനങ്ങൾ വളരെക്കാലമായി രൂക്ഷമായിരുന്നെങ്കിലും 1980 കളുടെ അവസാനം വരെ ഹിന്ദു ദേശീയത ഒരു രാഷ്ട്രീയ ശക്തിയായി മാറിയിരുന്നില്ല. അതിനു ശേഷം, ഗുജറാത്തിലെ രാഷ്ട്രീയ പരീക്ഷണങ്ങളാണ് ഹിന്ദുത്വ ദേശീയതയെ എങ്ങനെ ഫലപ്രദമായി രാഷ്ട്രീയ ധ്രുവീകരണത്തിന് ഉപയോഗിക്കാം എന്ന് കാണിച്ചുതന്നത്. ഈ വിഭജന രാഷ്ട്രീയത്തിന്റെ നേതാക്കൾ നരേന്ദ്ര മോഡിയും അമിത് ഷായും ആയിരുന്നു. ആ തന്ത്രങ്ങളാണ് അവർക്ക് കേന്ദ്രാധികാരം നേടിക്കൊടുത്തത്. എല്ലാ ജീവൽപ്രശ്‌നങ്ങൾക്കുമുപരിയായി വർഗീയതയെ പ്രതിഷ്ഠിക്കുവാനുള്ള അവസരമാണ് അവർ നേടിയെടുത്തത്. മറ്റൊരു തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ, ഇതേ പാഠം തന്നെയാണ് അവർ പുറത്തെടുക്കുന്നത്. ആ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രതയാണ് മതേതര പാർട്ടികൾ കാണിക്കേണ്ടത്. 
കേരളത്തിൽ എൻ.എസ്.എസും ബി.ജെ.പിയും ചേർന്ന് നടത്തുന്ന പുതിയ രാഷ്ട്രീയ കലാപരിപാടികളോടും യോജിച്ച സമീപനം അനുവർത്തിക്കാൻ പാർട്ടികൾക്കാവണം. നിർഭാഗ്യവശാൽ, കേരളത്തിലെ നേതാക്കളിൽനിന്ന് അത്തരം ദൃഢമായ ശബ്ദങ്ങൾ ഉയർന്നുകാണുന്നില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ കണക്കുകൾ പ്രധാനമായതിനാൽ അവരുടെ സ്വരം പതിഞ്ഞതാകുന്നു. അതുപക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ രാഷ്ട്രീയത്തെ മലീമസമാക്കുക തന്നെ ചെയ്യും.

Latest News