Sorry, you need to enable JavaScript to visit this website.

ഹാജിമാരെ സ്വീകരിക്കാൻ കൂടുതൽ കൗണ്ടറുകൾ; വനിതാ ഉദ്യോഗസ്ഥർ 

ലെഫ്. കേണൽ അബ്ദുല്ല അൽശംറാനി , കേണൽ സുലൈമാൻ അൽയൂസുഫ് 

ജിദ്ദ - ഈ വർഷം ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ നോർത്ത്, സൗത്ത് ടെർമിനലുകളിൽ ഹജ് തീർഥാടകരെ സ്വീകരിക്കുന്നുണ്ടെന്ന് ജിദ്ദ എയർപോർട്ട് ജവാസാത്ത് ഹജ് ഫോഴ്‌സ് കമാണ്ടർ കേണൽ സുലൈമാൻ അൽയൂസുഫ് പറഞ്ഞു. ഹജ് ടെർമിനലിലെ തിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് നോർത്ത്, സൗത്ത് ടെർമിനലുകളിൽ തീർഥാടകരെ സ്വീകരിക്കുന്നത്. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള തീർഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ നോർത്ത്, സൗത്ത് ടെർമിനലുകൾ വഴി പൂർത്തിയാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ അനുമതി നൽകുകയായിരുന്നു. 
മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള തീർഥാടകരുടെ പ്രവേശന നടപടികൾ സ്വന്തം രാജ്യങ്ങളിൽ വെച്ച് മുൻകൂട്ടി പൂർത്തിയാക്കുന്ന സേവനം ഈ വർഷം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ആഭ്യന്തര യാത്രക്കാരെ പോലെ മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹജ് തീർഥാടകർക്ക് ജവാസാത്ത്, കസ്റ്റംസ് നടപടിക്രമങ്ങൾക്ക് കാത്തുനിൽക്കാതെ എയർപോർട്ടുകളിൽ നിന്ന് വേഗത്തിൽ പുറത്തിറങ്ങുന്നതിന് സാധിക്കും. ഹജ് തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ജിദ്ദ എയർപോർട്ടിലെ ടെർമിനലുകളിൽ ജവാസാത്തിനു കീഴിൽ രണ്ടായിരത്തിലേറെ ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നുണ്ട്. ഹാജിമാരുടെ നടപടിക്രമങ്ങൾക്ക് ജിദ്ദ എയർപോർട്ടിലെ ഹജ് ടെർമിനലിൽ ഈ വർഷം 200 കൗണ്ടറുകൾ ജവാസാത്ത് സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം 140 കൗണ്ടറുകളാണുണ്ടായിരുന്നത്. ഇവക്കു പുറമെ സൗത്ത്, നോർത്ത് ടെർമിനലുകളിലും തീർഥാടകരെ സ്വീകരിക്കുന്നുണ്ട്. നോർത്ത് ടെർമിനലിൽ 50 ഉം സൗത്ത് ടെർമിനലിൽ 40 ഉം ജവാസാത്ത് കൗണ്ടറുകളാണുള്ളത്. ഈ വർഷം വിദേശങ്ങളിൽ നിന്ന് ഹജ് തീർഥാടകർ എത്തേണ്ട അവസാന ദിവസം ദുൽഹജ് നാല് ആയി നിശ്ചയിച്ചിട്ടുണ്ട്. 
സൗദിയിലേക്ക് തിരിക്കുന്നതിനു മുമ്പു തന്നെ തീർഥാടകരുടെ പാസ്‌പോർട്ടുകളും വിസകളും വിമാന കമ്പനികൾ പരിശോധിച്ച് കൃത്രിമങ്ങളില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്. വ്യാജ പാസ്‌പോർട്ടുകളും വിസകളുമായി ആരെങ്കിലും എത്തിയാൽ വിമാന കമ്പനികൾ അടക്കം ഹജ് മേഖലയിൽ പ്രവർത്തിക്കുന്ന ബന്ധപ്പെട്ട വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമാനുസൃത നടപടികളെടുക്കും. തീർഥാടകർ സൗദിയിൽ എത്തിയ ശേഷം എയർപോർട്ടുകളിൽ നിന്ന് വിസ അനുവദിക്കുന്നതിന് സാധിക്കില്ല. ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇ-ട്രാക്ക് വഴിയാണ് ഹജ് വിസ അനുവദിക്കുന്നത്. വനിതാ തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ജിദ്ദ എയർപോർട്ടിൽ ഈ വർഷം ജവാസാത്ത് 60 വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും കേണൽ സുലൈമാൻ അൽയൂസുഫ് പറഞ്ഞു.
വ്യാജ പാസ്‌പോർട്ടുകളും വിസകളും കണ്ടെത്തുന്നതിന് ജവാസാത്ത് ഉദ്യോഗസ്ഥരെ സഹായിക്കുന്ന നവീന ഉപകരണങ്ങൾ ജിദ്ദ എയർപോർട്ടിലെ മുഴുവൻ ജവാസാത്ത് കൗണ്ടറുകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് ജിദ്ദ എയർപോർട്ട് ജവാസാത്തിലെ ഹജ്, ഉംറ കാര്യ വിഭാഗം മേധാവി ലെഫ്. കേണൽ അബ്ദുല്ല അൽശംറാനി പറഞ്ഞു. വ്യാജ രേഖകൾ കണ്ടെത്തുന്നതിനുള്ള അത്യാധുനിക ലാബ് ഹജ് ടെർമിനലിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം ഹജ് ടെർമിനലിൽ ജവാസാത്ത് കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും ലെഫ്. കേണൽ അബ്ദുല്ല അൽശംറാനി പറഞ്ഞു.

Latest News