ഹിന്ദുത്വത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കലക്കവെള്ളത്തിൽ മീൻ പിടിക്കാനിറങ്ങുന്ന കോൺഗ്രസുകാരെ ഓർത്താണ് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടത്. പ്രതിപക്ഷ നേതാവിന്റെ ഇന്നലത്തെ പ്രസ്താവന ഏറെ ഖേദകരമെന്നേ പറയാൻ കഴിയൂ. ഷംസീറിന്റെ വിശ്വാസം സംബന്ധിച്ചുള്ള പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്നാണ് വി.ഡി. സതീശന്റെ അഭിപ്രായം. എവിടെയാണ് വിശ്വാസത്തെ കുറിച്ചുള്ള പ്രസ്താവന എന്നത് സതീശനും വിശദീകരിക്കാൻ കഴിയുന്നില്ല. അവിടെയും ഇവിടെയുമില്ലാതെ ഈ അഴകൊഴമ്പൻ പ്രസ്താവന നടത്തുന്ന ഇത്തരം എറാൻമൂളികളെയാണ് ഭയപ്പെടേണ്ടത്.
'ശാസ്ത്രമല്ല, വിശ്വാസമാണ് വലുത്'' കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരനിൽ പ്രധാനിയായ മന്നത്ത് പത്മനാഭൻ സ്ഥാപിച്ച എൻ.എസ്.എസ് എന്നാ മഹാപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ നേതാവിന്റെ സ്വരമാണിത്. നൂറുകണക്കിന് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് നടക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതാവിൽ നിന്നും എങ്ങനെയാണ് ഇങ്ങനെ ഒരു പ്രസ്താവന ഉയർന്നു വന്നത്? ഏതു ലോകത്താണ് നാം ജീവിക്കുന്നത്? ഒരു പരിഷ്കൃത സമൂഹത്തിലേക്ക് ഇത്തരം പിന്തിരിപ്പൻ പ്രസ്താവനകൾ വരുന്നതിൽ നിന്നും കേരളവും സംഘ് പരിവാരത്തിന്റെ പിടിയിലേക്ക് വീഴുന്നതിന്റെ സൂചനയായി തന്നെ ഇതിനെയും കാണേണ്ടിവരും.
സ്പീക്കർ എ.എൻ. ഷംസീർ, വിദ്യാർഥികൾക്ക് മുൻപിൽ ശാസ്ത്രത്തിന്റെ വളർച്ചയെയും വികാസത്തെയും കുറിച്ച് സംസാരിക്കുന്നതിനിടയിലുണ്ടായ പരാമർശമാണ് സംഘപരിവാരത്തെയും എൻ.എസ്.എസിനെയും ചൊടിപ്പിച്ചതും ഇതേച്ചൊല്ലിയുള്ള കള്ളക്കഥകളുടെ പ്രചാരണ വ്യാപനവും. ഒരു പൊള്ളയായ വിവാദത്തെ വിദ്വേഷം പേറിനടക്കുന്ന ചിലർ ചേർന്ന് ആവശ്യത്തിലധികം മസാല ചേർത്തു കൊഴുപ്പിച്ചു കൊണ്ടേയിരിക്കുന്നു.
'നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം, ഇപ്പോൾ എന്തൊക്കെയാണ് പഠിപ്പിക്കാൻ ശ്രമിക്കുന്നത്, ഞാൻ വിദ്യാർഥിയായിരിക്കേ വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്, ഇപ്പോൾ അവരല്ല, അത് തെറ്റാണന്നാണ് പ്രചരിപ്പിക്കുന്നത്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണത്രേ. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയണം. ചിലർ കല്യാണം കഴിഞ്ഞ് കുട്ടികൾ ഉണ്ടാകാതെ വന്നാൽ ട്രീറ്റ്മെന്റിന് പോകും, അതാണ് ഐ. വി.എഫ്. അതിന്റെ പ്രത്യേകത ചിലപ്പോൾ ട്വിൻസ് ഉണ്ടാകും, ചിലപ്പോൾ ട്രിപ്പ്ലെറ്റ്സ് ഉണ്ടാകും. അതിന്റെ പ്രത്യേകത അതാണ്. ചിലർ പറയുന്നു ഇത് നേരത്തേയുള്ളതാണ്. അതാണ് കൗരവപ്പട. കൗരവപ്പട ഉണ്ടായത് ഈ ട്രീറ്റ്മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാൻ ശ്രമിക്കുന്നു... ഇത്രയുമാണ് ഷംസീർ പറഞ്ഞത്.
ഇതിലെവിടെയാണ് വിവാദത്തിനുള്ള അവസരം നൽകിയതെന്ന് ഒട്ടും മനസ്സിലാകുന്നില്ല. വിശ്വാസങ്ങളെയും മിത്തുകളെയും ശാസ്ത്ര സത്യങ്ങളുമായി കൂട്ടിക്കുഴച്ച് ചരിത്രത്തെ വികലമാക്കി സമൂഹത്തിൽ തെറ്റായ ധാരണകൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ സംസ്കാരത്തെകുറിച്ചാണ് ഷംസീർ സൂചന നൽകിയത്. ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു, ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയണം. സംഘപരിവാർ മുതൽ സുകുമാരൻ നായരെ വരെ പ്രകോപിപ്പിക്കുന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ 'വിദ്യാജ്യോതി സ്ലേറ്റ്' എന്ന ശാസ്ത്ര പരിപാടിയിൽ സ്കൂളിലെ കുട്ടികളോട് പ്രസംഗിച്ചതിന്റെ ചുരുക്കമാണിത്.
ശാസ്ത്രം പറയരുത്, പകരം മിത്തിനെ ശാസ്ത്രമായി അംഗീകരിക്കണം എന്നാണ് പ്രതിലോമകാരികൾ പറയുന്നത്. ഗണപതിയുടേതാണ് ആദ്യ പ്ലാസിക് സർുറി എന്ന് നമുക്ക് വിശ്വസിക്കാം. പക്ഷെ, അതാണ് സത്യമെന്ന് സ്കൂളിൽ പറയാൻ കഴിയില്ല, പഠിപ്പിക്കാനും. കാരണം, ഇതൊന്നും ശാസ്ത്രീയമല്ല എന്നതു കൊണ്ട് തന്നെ.
ഈ വിവാദം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന എൻ.എസ്.എസ് തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്. ദൂരവ്യാപകമായ ഭവിഷ്യത്തുകൾ വിളിച്ചു വരുത്തി കേരളത്തെ ഒരു കലാപ ഭൂമിയാക്കാനാണ് സുകുമാരൻ നായർ ലക്ഷ്യമിടുന്നത്. തന്റെ യൗയന കാലത്ത് ഒരു തികഞ്ഞ ആർ.എസ്.എസുകാരനായ സുകുമാരൻ നായരുടെ ഗണപതി ഹോമം ഹൈന്ദവ വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്ന് കേരളത്തിലെ വിശ്വാസികളുൾപ്പെടെയുള്ള മതനിരപേക്ഷ സമൂഹത്തിന് തിരിച്ചറിയാൻ സാധിക്കും. ഇപ്പോൾ ഈ കാണിക്കുന്ന സുകുമാരൻ നായരുടേതായുള്ള ഭാഷ്യവും ധാർഷ്ട്യവും വരേണ്യജാതി മേലാള വർഗീയ ബോധത്തിന്റെ ദുഷിച്ച ചിന്താധാരയാണെന്ന് തിരിച്ചറിയാൻ കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല. മന്നം ഉൾപ്പെടെയുള്ള നവോത്ഥാന നായകരും സമുദായ പരിഷ്കരണവാദികളും ശക്തമായി എതിർക്കുകയും വാദിക്കുകയും ചെയ്ത ബ്രാഹ്മണാധികാരത്തിന്റെ എച്ചിലുമായി നടക്കുന്ന ആർ.എസ.്എസിന്റെ കൂടാരത്തിൽ എൻ.എസ്.എസിനെ കെട്ടിയിടാനാണ് സുകുമാരൻ നായർ ശ്രമിക്കുന്നത്. ശബരിമല വിവാദക്കാലത്തെന്ന പോലെ ഹിന്ദുത്വത്തിന്റെ വർഗീയ ധ്രുവീകരണത്തിന് തീ ഊതിക്കൊണ്ടിരിക്കുകയാണ്.
ഹിന്ദുത്വത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കലക്കവെള്ളത്തിൽ മീൻ പിടിക്കാനിറങ്ങുന്ന കോൺഗ്രസുകാരെ ഓർത്താണ് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടത്. പ്രതിപക്ഷ നേതാവിന്റെ ഇന്നലത്തെ പ്രസ്താവന ഏറെ ഖേദകരമെന്നേ പറയാൻ കഴിയൂ. ഷംസീറിന്റെ വിശ്വാസം സംബന്ധിച്ചുള്ള പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്നാണ് വി.ഡി. സതീശന്റെ അഭിപ്രായം. എവിടെയാണ് വിശ്വാസത്തെ കുറിച്ചുള്ള പ്രസ്താവന എന്നത് സതീശനും വിശദീകരിക്കാൻ കഴിയുന്നില്ല. അവിടെയും ഇവിടെയുമില്ലാതെ അഴകൊഴമ്പൻ പ്രസ്താവന നടത്തുന്ന ഇത്തരം എറാൻമൂളികളെയാണ് ഭയപ്പെടേണ്ടത്. ഇങ്ങനെ സംഘി അജണ്ടയിൽ കളിച്ച് കളിച്ചാണ് വടക്കേ ഇന്ത്യ മുഴുവൻ സംഘപരിവാറിന്റെ പിടിയിലമർന്നത്. കുട്ടികൾ ശാസ്ത്ര ബോധത്തോടെ വളരാൻ വേണ്ടി സ്പീക്കർ ഷംസീർ നടത്തിയ പ്രസംഗം സ്വാതന്ത്യ സമര കാലത്ത് ദേശീയ പ്രസ്ഥാനവും തുടർന്ന് ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും ഉയർത്തിപ്പിടിച്ച ശാസ്ത്ര ചിന്തയുടെ തുടർച്ചയാണന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ഇങ്ങനെ ഓരോന്നു വിളിച്ചു പറയുന്നത്.
ഇപ്പോഴുള്ള ഈ സംവാദത്തിനു തുടക്കം കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. അദ്ദേഹമാണ് പുഷ്പക വിമാനത്തിന്റെയും ഗണപതിയുടെ പ്ലാസ്റ്റിക് സർജറിയുടെ കാര്യവുമൊക്കെ മുംബൈയിൽ ഡോക്ടർമാരുടെ ഒരു സമ്മേളനത്തിൽ വലിയ കണ്ടുപിടുത്തമെന്ന രൂപത്തിൽ അവതരിപ്പിച്ചത്. എന്നിട്ട് ആ പ്രസംഗം വെബ് സൈറ്റിലും ഇട്ടു. വിദ്യാഭ്യാസത്തെ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര പ്രബോധന മാർഗമാക്കി അധ:പതിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് തങ്ങളുടെ അധികാരമുപയോഗിച്ച് ആർ.എസ്. എസ് എക്കാലത്തും ചെയ്തിട്ടുള്ളത്.
അതിപ്പോഴും നിർലോഭം നടത്തിക്കൊണ്ടിരിക്കുന്നു. ആർ.എസ്.എസിന്റെ വിദ്യാഭാരതി, സരസ്വതി വിദ്യാമന്ദിർ എന്നീ സ്കൂളുകളിൽ വളരെ കാലമായി മിത്തിനെയും ഇതിഹാസത്തെയുമെല്ലാം ചരിത്രവും ശാസ്ത്രവുമായി പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ നിന്നുള്ള ഊർജവും പ്രചോദനവും ഈ സന്ദർഭങ്ങളിൽ അവർ പ്രയോഗിക്കുന്നുവെന്ന് മാത്രം.






