കോഴിക്കോട് - സി.പി.എമ്മിന്റെ അച്ചടക്ക നടപടിക്കു വിധേയനായ തിരുവമ്പാടി മുൻ എം.എൽ.എയും പാർട്ടി കോഴിക്കോട് ജില്ലാ മുൻ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം തോമസിനെതിരെ ഗുരതര ആരോപണവുമായി പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിൽ പുറത്തിറങ്ങിയ രണ്ടാനച്ഛൻ രംഗത്ത്.
ജോർജ് എം തോമസ് പോക്‌സോ കേസിൽ പോലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നാണ് രണ്ടാനച്ഛന്റെ വെളിപ്പെടുത്തൽ. മുൻ ഡിവൈ.എസ്.പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്നും ഇയാൾക്ക് പ്രതിഫലമായി റിസോർട്ട് നൽകിയെന്നും രണ്ടാനച്ഛൻ ആരോപിച്ചു.
പോക്‌സോ കേസിൽ മൊഴി മാറ്റാൻ വലിയ വീട് വാഗ്ദാനം നൽകിയെന്നും പെൺകുട്ടിയുടെ രണ്ടാനച്ഛൻ ഒരു സുഹൃത്തിനോട് സംസാരിച്ച ശബ്ദരേഖയിൽ പറയുന്നു. എന്നാൽ, പിന്നീട് നൽകിയത് ഒരു ചെറിയ വീടാണെന്നും മാസം പതിനായിരം രൂപ വീതം നൽകുമെന്നായിരുന്നു വാഗ്ദാനമെന്നും പറയുന്നു. വിഷയം പാർട്ടി പുനരന്വേഷണത്തിന് വിധേയമാക്കി യഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്നാണ് രണ്ടാനച്ഛന്റെ ശബ്ദരേഖയിലുള്ളത്.
ജോർജ് എം തോമസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഗുരുതരമായ കുറ്റങ്ങൾ സി.പി.എം നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർട്ടിയുടെ അച്ചടക്ക നടപടി. എന്നാൽ പാർട്ടി നടപടി മാത്രമല്ല, പോലീസ് നടപടിയും ഉണ്ടാവണമെന്ന ശക്തമായ വികാരമാണ് ജോർജിനെതിരേ ഉയരുന്നത്. ഇതേ തുടർന്ന് ഡി.ജി.പിക്കും മറ്റും നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്.
പോക്‌സോ പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റി, സഹായിച്ച പോലീസുദ്യോഗസ്ഥന് ഭൂമി നൽകി, ക്വാറി മുതലാളിമാരോട് വീട് നിർമാണത്തിന് സൗജന്യമായി സാമഗ്രികൾ വാങ്ങിപ്പിച്ചു, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപാ വാങ്ങി, ആറ് കോൺഗ്രസ് നേതാക്കൾ നയിക്കുന്ന ലേബർ സൊസൈറ്റിക്ക് വഴി വിട്ട് അംഗീകാരം വാങ്ങി നൽകി എന്നിങ്ങനെ കോടികളുടെ ഇടപാടുകൾ നടന്നതായുള്ള ഗൗരവമേറിയ ആരോപണങ്ങളാണ് ജോർജ് എം തോമസിനെതിരെയുള്ള കണ്ടെത്തലുകൾ. എന്നാൽ, ഇതിലെല്ലാം പാർട്ടി കോടതിക്കപ്പുറം രാജ്യത്തെ നീതിന്യായ വ്യവസ്ഥയനുസരിച്ച് പോലീസ് നടപടികൾക്ക് മുൻ എം.എൽ.എയെ വിധേയനാക്കണമെന്നാണ് ആവശ്യം. സി.പി.എം ജോർജിനെതിരെയുള്ള കണ്ടെത്തലുകൾ പോലീസിന് കൈമാറി അന്വേഷണത്തോട് സഹകരിക്കണമെന്നും അതാണ് ശരിയായ പാർട്ടി പ്രവർത്തനമെന്നും ഇവർ ഓർമിപ്പിക്കുന്നു.






