ഒരു ഗ്ലാസ് ചായ വാങ്ങിയാല്‍ ഒരു കിലോഗ്രാം തക്കാളി ഫ്രീ, ഇതിലും വലിയ ഓഫര്‍ എവിടെ കിട്ടും

ചെന്നൈ - പന്ത്രണ്ട് രൂപ നല്‍കി ഒരു ഗ്ലാസ് ചായ വാങ്ങിയാല്‍ ഒരു കിലോഗ്രാം തക്കാളി ഫ്രീ.  വെറുതെ ഒരു നമ്പറിട്ടു നോക്കിയതാണ് ചായക്കടക്കാന്‍. എന്നാല്‍ ഇപ്പോള്‍ ചായപ്പീടികയ്ക്ക് മുന്നില്‍ പൂരത്തിനുള്ളതിനേക്കാല്‍ കൂടുതല്‍ ആളുകളാണ്. ടാകസി പിടിച്ച് വരെ ആളുകളെത്തുന്നു. തക്കാളിക്ക് ചെന്നെയില്‍ ഇപ്പോള്‍ കിലോഗ്രാമിന് ഇരുനൂറ് രൂപക്കടുത്താണ് വില. അപ്പോഴാണ് ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു സ്ട്രീറ്റിലെ വീ ചായ് എന്ന പേരിലുള്ള തന്റെ ചായക്കടയെ ഒന്നു വൈറലാക്കാന്‍ ഒരു ഓഫര്‍ നല്‍കാന്‍ കടയുടമയായ ഡേവിഡ് മനോഹര്‍ തീരുമാനിച്ചത്. തന്റെ കടയില്‍ നിന്ന് ചായ വാങ്ങുന്ന മൂന്നൂറ് പേര്‍ക്ക്  ഒരു കിലോഗ്രാം തക്കാളി  സൗജന്യം എന്നായിരുന്നു ഓഫര്‍. കേള്‍ക്കേണ്ട താമസം ആളുകള്‍ ഡേവിഡ് മനോഹറിന്റെ കടയ്ക്ക് മുൂന്നിലേക്ക് വണ്ടി പിടിച്ച് വരെ എത്തി. ഇപ്പോള്‍ കടയില്‍ വലിയ തിരക്കും ബഹളവുമാണ്. തിരക്ക് കൂടിയതോടെ ടോക്കണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തി. ചായ വാങ്ങിയാല്‍ അത് കുടിക്കാന്‍ പോലും മിനക്കെടാതെ തക്കാളിയും വാങ്ങി എത്രയും പെട്ടെന്ന് വീട്ടിലെത്താനാണ് ആളുകള്‍ക്ക് ആവേശം. തിരക്ക് കൂടിയതോടെ നിയന്ത്രിക്കാന്‍ പൊലീസും ബൗണ്‍സര്‍മാരും ഇറങ്ങിയിരിക്കുകയാണ്. എതായാലും ഓഫര്‍ അവസാനിക്കുമ്പോഴേക്കും കടയുടമ ഡേവിഡ് മനോഹറിന്റെ പോക്കറ്റില്‍ നിന്ന് നല്ലൊരു തുക കാലിയാകുമെന്ന് ഉറപ്പാണ്. പണം പോയാലെന്താ തന്റെ ചായക്കട വൈറലായില്ലേയെന്നാണ് കടയുടമയുടെ ചോദ്യം. 

 

Latest News