കൂട്ടിലങ്ങാടിയില്‍ ബാലികയെ പീഡിപ്പിച്ച 53 കാരന്  66 വര്‍ഷം കഠിന തടവും ആറര ലക്ഷം പിഴയും

മഞ്ചേരി- 11കാരിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ 53കാരന് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 66 വര്‍ഷം കഠിന തടവിനും ആറര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മലപ്പുറം കൂട്ടിലങ്ങാടി പാറടി അബ്ദുല്‍ ഷക്കീം എന്ന ബാവയെയാണ് (53) ജഡ്ജി എ.എം. അഷറഫ് ശിക്ഷിച്ചത്. 2019ല്‍ രണ്ടു തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും 2021 മേയ് 20ന് പ്രതിയുടെ വീട്ടില്‍ വെച്ചും ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ ആക്ടിലെ രണ്ടു വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ ആണ് ശിക്ഷ വിധിച്ചത്. ഇരു വകുപ്പുകളിലും പിഴയടക്കാത്തപക്ഷം മൂന്നു മാസം വീതം തടവനുഭവിക്കണം. പോക്സോ വകുപ്പിലെ തന്നെ മൂന്നു മറ്റു വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയുമാണ് ശിക്ഷ. ഇതിലും പിഴയടക്കാത്ത പക്ഷം രണ്ടു മാസം വീതം തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
കുട്ടി പീഡന വിവരം അറിയിച്ചിട്ടും മറച്ചു വച്ചെന്ന കേസില്‍ കുറ്റക്കാരിയല്ലെന്ന് കണ്ട് മാതൃസഹോദരിയെ കോടതി വെറുതെ വിട്ടു. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.
 

Latest News