മലപ്പുറം - തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. വ്യാഴാഴ്ച വൈകീട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂരകൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാലുവയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. സംഭവത്തിൽ മദ്ധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ രാം മഹേഷ് കുശ്വയെ(ബണ്ടി-30) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തതായി തിരൂരങ്ങാടി പോലീസ് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് പ്രതി കുട്ടിയുടെ താമസസ്ഥലത്തെത്തിയത്. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസസ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്. ഇവരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് ഉടനെ സ്ഥലത്തെത്തി കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി തുടർ നടപടികൾ സ്വീകരിച്ചു.