പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭ പാസാക്കി

ന്യൂദല്‍ഹി - പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭ പാസാക്കി. നാടകീയ രംഗങ്ങളാണ് ലോകസഭയില്‍ ഇതുമായി ബന്ധപ്പെട്ട് നടന്നത്. ദല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ് പുതിയ ബില്‍ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. ബില്‍ പാസായതോടെ പ്രതിഷേധ സൂചകമായി നിരവധി പ്രതിപക്ഷ അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്ലിന്റെ പകര്‍പ്പ് കീറി വലിച്ചെറിഞ്ഞ എ എ പി അംഗം സുശീല്‍ കുമാര്‍ റിങ്കുവിനെ  മണ്‍സൂണ്‍ സമ്മേളനത്തില്‍ നിന്ന് സ്പീക്കര്‍ ഓം ബിര്‍ള സസ്പെന്‍ഡ് ചെയ്തു. ബില്‍ പാസാക്കിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ദല്‍ഹിയിലെ ഭരണകക്ഷിയായ എ എ പി ഉയര്‍ത്തിയത്. ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബി ജെ പി പലതവണ വാഗ്ദാനം നല്‍കിയിരുന്നങ്കിലും അതെല്ലാം ലംഘിക്കപ്പെട്ടതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഭാവിയില്‍ നരേന്ദ്രമോദിയുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നും അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

 

Latest News