പത്തനംതിട്ട- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പലതവണ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയെ പിടികൂടി. കൊല്ലം കുരീപ്ര നെടുമൺകാവ് ഏറ്റുവായിക്കോട് ലൈലാ മൻസിൽ വീട്ടിൽ സിയാദ് എന്ന് വിളിക്കുന്ന മുഹമ്മദ് റാസി(23)യാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുമായി അടുപ്പത്തിലായശേഷം, കഴിഞ്ഞവർഷം സെപ്റ്റംബർ 17 ന് ട്രെയിനിൽ തിരുവല്ലയിൽനിന്ന് കടത്തിക്കൊണ്ടുപോയി കൊല്ലം കേരളപുരത്തുള്ള ഒരു വീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. വീടിന്റെ ഹാളിനോട് ചേർന്ന മുറിയിൽ വച്ച് പീഡിപ്പിച്ചശേഷം, കുട്ടിയുടെ നഗ്‌നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇത് എല്ലാവർക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുടർന്നും കുട്ടിയെ ഇയാൾ പീഡിപ്പിച്ചത് എന്നാണ് കേസ്. ഈമാസം ഒന്നിന് സ്‌റ്റേഷനിലെത്തിയ പെൺകുട്ടി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ ബലാൽസംഗത്തിനും തട്ടിക്കൊണ്ടുപോകലിനും പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസെടുക്കുകയായിരുന്നു. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. പ്രതിയെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.