Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; പ്രവാസികളെ നേരിയ തോതില്‍ ബാധിച്ചു തുടങ്ങി

റിയാദ് - ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി നിരോധനം സൗദി വിപണിയെ ആഘാതമേല്‍പ്പിക്കില്ലെങ്കിലും പ്രവാസികളുടെ ഇഷ്ട അരിയുടെ ലഭ്യതയെ ബാധിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ കയറ്റുമതി നിരോധനം നടപ്പായതോടെ സൗദിയിലും വെളുത്ത അരി ഇനങ്ങള്‍ക്ക് വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഇന്ത്യയുടെ നിരോധനം ഉണ്ടാക്കിയേക്കാവുന്ന ക്ഷീണം മറികടക്കാന്‍ വ്യാപാരികള്‍ മറ്റു രാജ്യങ്ങളിലെ സമാന അരികള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തി.
ഉല്‍പാദനത്തിലെ ഇടിവ് കാരണം ബസ്മതി ഒഴികെയുള്ള വെള്ള അരിക്കാണ് ഇന്ത്യ ജൂലൈ 20 മുതല്‍ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. പച്ചരി, ജീരകശാല, സോന മസൂരി തുടങ്ങിയ പോളിഷ്ഡ് ഇനം അരികളാണ് നിരോധനത്തിന്റെ പരിധിയിലുളളത്. സൗദി അറേബ്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഉത്തരേന്ത്യന്‍ പ്രവാസികളെയാണ് ഇത് കാര്യമായി ബാധിക്കുകയെങ്കിലും പച്ചരിയടക്കമുള്ളവയുടെ ദൗര്‍ലഭ്യം മലയാളികളെയും ബാധിക്കും. ഇപ്പോള്‍ തന്നെ ഈ അരികള്‍ക്ക് വില കൂടിയിട്ടുണ്ട്. സൂപര്‍മാര്‍ക്കറ്റുകളിലും ഹൈപര്‍മാര്‍ക്കറ്റുകളിലും അരി യഥേഷ്ടമുള്ളതിനാല്‍ നിലവില്‍ എല്ലാ തരം അരികളും സൗദി വിപണിയില്‍ ലഭ്യമാണ്. 
പാലക്കാടന്‍ മട്ട, തഞ്ചാവൂര്‍ പൊന്നി, കുറുവ, ജയ തുടങ്ങി മലയാളികളുടെ ഇഷ്ടഅരികള്‍ കയറ്റുമതി നിരോധനത്തില്‍ പരിധിയില്‍ വരില്ലെന്നത് ആശ്വാസമാണ്. എന്നാല്‍ നൈച്ചോറിനും മറ്റും ഉപയോഗിക്കുന്ന ജീരക ശാല, കൈമ അരികള്‍ തത്കാലം ഇന്ത്യയില്‍ നിന്ന് കടല്‍ കടന്നെത്തില്ല. വെളുത്ത അരി ഇഷ്ടപ്പെടുന്നവര്‍ക്ക് തായ്‌ലന്‍ഡിന്റെ പാരാബോയില്‍ഡ് അരി വിപണിയില്‍ ലഭ്യമാണ്. പാകിസ്ഥാന്‍, തായ്‌ലന്റ്, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ഇറക്കുമതിക്ക് വ്യാപാരികള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
അതേസമയം ബസ്മതി അരിക്ക് നിരോധനമില്ലാത്തതിനാല്‍ സൗദി അറേബ്യയുടെ പൊതുവിപണിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഇന്ത്യയില്‍ നിന്ന് വര്‍ഷങ്ങളായി അരി ഇറക്കുമതി ചെയ്യുന്ന സൗദി വ്യാപാരി അബൂദ് അല്‍ബക്‌രി മലയാളം ന്യൂസിനോട് പറഞ്ഞു. ഏകദേശം 90 ലക്ഷം ടണ്‍ അരിയാണ് സൗദി അറേബ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. ബസ്മതി അരിക്ക് ഇതുവരെ ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സൗദി പൊതുവിപണിയില്‍ നിരോധനം കാര്യമായി പ്രഹരമേല്‍ക്കില്ല. വരും നാളുകളില്‍ നിരോധന സാധ്യത തള്ളിക്കളയാനുമാവില്ല. അങ്ങനെയെങ്കില്‍ അരി ലഭ്യതയില്‍ കുറവുവരുമെന്നും വില കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വില കൂടാതിരിക്കാനാണ് യുഎഇ അരിയുടെ കയറ്റുമതി നിരോധിച്ചത്. ഇത്തരം നിരോധനം സൗദി അറേബ്യയിലുണ്ടാവില്ല. ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പുനര്‍ കയറ്റുമതി ചെയ്യുന്ന നിരവധി കമ്പനികള്‍ ജബല്‍ അലിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ യുഎഇ വിപണിയിലുള്ള അരിയും മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു നിരോധനം.  കാലാവസ്ഥ വ്യതിയാനം കാരണം കൃഷി നാശമുണ്ടായി അരിയുടെ ലഭ്യത കുറഞ്ഞതും ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ആഭ്യന്തരവിപണിയില്‍ അരി പ്രതിസന്ധിയില്ലാതിരിക്കാനുമാണ് ഇന്ത്യ ഇങ്ങനെ ഒരു നടപടിയെടുത്തതെന്നും വിപണി നിരീക്ഷകന്‍ കൂടിയായ അബൂദി പറഞ്ഞു

Latest News