പ്രധാനമായും നാലു കാര്യങ്ങളിൽ ശ്രദ്ധയൂന്നാനാണ് ഡിജിറ്റൽ സയൻസ് പാർക്കിലൂടെ ശ്രമിക്കുന്നത്. ഇൻഡസ്ട്രി 4.0 ആണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിലൂടെ ഇലക്ട്രോണിക്‌സ്, സ്മാർട്ട് ഹാർഡ്‌വെയർ, 5ജി ആശയവിനിമയം, മെഡിക്കൽ മെറ്റീരിയലുകൾ എന്നിവയുടെ വികസനം സാധ്യമാക്കും. ഇ-മൊബിലിറ്റി വികസിപ്പിക്കുകയും ഡിജിറ്റൽ ആരോഗ്യ മേഖലയിൽ നേട്ടം കൈവരിക്കുകയുമാണ് രണ്ടാമത്തെ ലക്ഷ്യം. ഡിജിറ്റൽ ഡീപ്‌ടെക് ആണ് മൂന്നാമത്തെ ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, സുരക്ഷ, പരിസ്ഥിതി സംബന്ധിയായ കാര്യങ്ങളാണ് മൂന്നാമത്തെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നത്.
സി. വിനോദ് ചന്ദ്രൻ
ലോകമെമ്പാടും നടക്കുന്ന ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യക്ക് വഴികാട്ടുകയാണ് കേരളം. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിച്ചു കഴിഞ്ഞു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമാണ് ആരംഭിച്ചിട്ടുള്ളതെങ്കിലും ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള ഇഛാശക്തി ഭരണകൂടം കാണിക്കുകയാണെങ്കിൽ ഡിജിറ്റൽ മേഖലയിൽ മാറുന്ന കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ട് വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ കേരളത്തിന് കഴിയുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. അടിസ്ഥാന വികസനങ്ങളുടെ കാര്യത്തിൽ വളരെയൊന്നും മുന്നോട്ടു പോകാൻ കേരളത്തിന് കഴിയുന്നില്ലെങ്കിലും ഐടി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ രാജ്യത്തിന് മുന്നിൽ കേരളം എപ്പോഴും മാതൃകയായി മുന്നിൽ നിന്നിട്ടുണ്ട്. ഇന്നും ഇന്നലെയുമല്ല, 33 വർഷം മുൻപ് രാജ്യത്ത് ആദ്യമായി ടെക്‌നോപാർക്ക് സ്ഥാപിച്ച് ടെക്‌നോളജി രംഗത്ത് പുതിയ പാത വെട്ടിത്തുറന്നതാണ് ഈ കൊച്ചു സംസ്ഥാനം. രണ്ടു വർഷം മുൻപ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയും കേരളത്തിൽ സ്ഥാപിക്കപ്പെട്ടു. ഇപ്പോഴിതാ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചിരിക്കുകയാണ്.
നൂതനങ്ങളായ പരീക്ഷണങ്ങൾ കൊണ്ടുവരുമ്പോഴും ടെക്‌നോളജി രംഗത്തെ സാധ്യതകൾ വേണ്ട രീതിയിൽ മുതലെടുക്കാൻ കേരളത്തിന് സാധിക്കുന്നില്ലെന്നത് അവഗണിക്കാൻ പറ്റാത്ത യാഥാർത്ഥ്യമാണ്. കൃത്യമായ ആസൂത്രണമില്ലായ്മയും ഭരണ നിർവഹണവുമായി ബന്ധപ്പെട്ട വിഷയങ്ങളുമെല്ലാം കാലങ്ങളായി ഇതിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. വലിയ തോതിൽ ഭൂമിയും മറ്റു സൗകര്യങ്ങളും ആവശ്യമുള്ള വലിയ വ്യവസായങ്ങൾ കേരളത്തിൽ സാധ്യമല്ലെന്ന തിരിച്ചറിവിൽ ടെക്‌നോളജി രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചത്. തിരുവനന്തപുരത്ത് ഡിജിറ്റൽ സർവകലാശാലയോട് ചേർന്നാണ് ഡിജിറ്റൽ സയൻസ് പാർക്കും പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും സാങ്കേതിക രംഗത്ത് അതിനൂതന സമൂഹമായും മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഡിജിറ്റൽ സയൻസ് പാർക്ക് എന്നാണ് ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. 1515 കോടി രൂപയുടെ നിക്ഷേപമാണ് ഡിജിറ്റൽ സയൻസ് പാർക്കിനായി വേണ്ടിവരുന്നതെന്നാണ് കണക്ക്.
പ്രധാനമായും നാലു കാര്യങ്ങളിൽ ശ്രദ്ധയൂന്നാനാണ് ഡിജിറ്റൽ സയൻസ് പാർക്കിലൂടെ ശ്രമിക്കുന്നത്. ഇൻഡസ്ട്രി 4.0 ആണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിലൂടെ ഇലക്ട്രോണിക്‌സ്, സ്മാർട്ട് ഹാർഡ്‌വെയർ, 5ജി ആശയവിനമയം, മെഡിക്കൽ മെറ്റീരിയലുകൾ എന്നിവയുടെ വികസനം സാധ്യമാക്കും. ഇ-മൊബിലിറ്റി വികസിപ്പിക്കുകയും ഡിജിറ്റൽ ആരോഗ്യ മേഖലയിൽ നേട്ടം കൈവരിക്കുകയുമാണ് രണ്ടാമത്തെ ലക്ഷ്യം. ഡിജിറ്റൽ ഡീപ്‌ടെക് ആണ് മൂന്നാമത്തെ ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, സുരക്ഷ, പരിസ്ഥിതി സംബന്ധിയായ കാര്യങ്ങളാണ് മൂന്നാമത്തെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നത്. ടെകനോളജിയിൽ അധിഷ്ഠിതമായ പുതിയ ഉൽപന്നങ്ങൾ, ജോലി സാധ്യതകൾ എന്നിവയാണ് നാലാമത്തെ ലക്ഷ്യം. ഈ ലക്ഷ്യങ്ങളെല്ലാം പൂർത്തിയാക്കുന്നതിനുള്ള ഒരു കൂടാരമായാണ് ഡിജിറ്റൽ സയൻസ് പാർക്കിനെ വിഭാവനം ചെയ്തിട്ടുള്ളത്. 14 ഏക്കറോളം സ്ഥലത്ത് 10 ലക്ഷം ചതുരശ്ര അടിയിലാണ് ഡിജിറ്റൽ പാർക്ക് ഒരുങ്ങുന്നത്. ബ്രിട്ടൻ ആസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ ഡിസൈൻ കമ്പനിയായ എആർഎം ഉൾപ്പെടെ ഡിജിറ്റൽ രംഗത്തെ ആഗോള ഭീമൻമാരായ പല കമ്പനികളും ഡിജിറ്റൽ സയൻസ് പാർക്കുമായി സഹകരണത്തിന് മുന്നോട്ടു വരുന്നുണ്ടെന്നത് വളരെ പ്രതീക്ഷയുളവാക്കുന്നതാണ്.