തീരദേശ ഹൈവേയും മത്സ്യത്തൊഴിലാളി സമൂഹവും

ഹൈവേക്ക് വേണ്ടി  പല ഇടങ്ങളിലും ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ  മുന്നോട്ടു പോവുകയാണെന്ന് സമിതി ആരോപിക്കുന്നു. സ്ഥലം ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ റവന്യൂ വകുപ്പ് അധികൃതർ പോലീസിന്റെ സഹായത്തോടു കൂടി  വീടുകളിൽ പ്രവേശിച്ച് പിങ്ക് കല്ലുകൾ നാട്ടുകയാണ്. വിശദമായ പദ്ധതി രേഖ പ്രസിദ്ധീകരിക്കാതെയും പദ്ധതിയെപ്പറ്റി ജനങ്ങൾക്കിടയിൽ വിശദീകരിക്കാതെയും ജനപ്രതിനിധികളോട് പോലും കാര്യങ്ങൾ മറച്ചുവെച്ചുമാണ് ഈ നടപടികൾ.  വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷകൾക്കും ജനപ്രതിനിധികളുടെ ആവശ്യപ്പെടലിനും ഡി.പി.ആർ തയാറായി വരുന്നതേയുള്ളൂ എന്ന മറുപടിയാണത്രേ  ലഭിക്കുന്നത്. 

 

ഒരു സമൂഹം എന്ന നിലയിൽ കേരളത്തിൽ ഏറ്റവും ദുരിതങ്ങൾ അനുഭവിക്കുന്നത് തീരദേശസമൂഹം, അഥവാ മത്സ്യത്തൊഴിലാളികളാണെന്നു പറയാം. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളും ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളും തീരദേശത്തുനടക്കുന്ന അനിയന്ത്രിത വികസന പ്രവർത്തനങ്ങളും മൂലം അവരുടെ ജീവിതം ദുരിതമയമായിരിക്കുകയാണ്. കാലങ്ങളായി തുടരുന്ന, അനുദിനം രൂക്ഷമാകുന്ന ഇവരുടെ കണ്ണീരിനു ശമനമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾക്കു രൂപം നൽകാൻ മാറിമാറി ഭരിച്ച ഭരണകൂടങ്ങൾക്കാകുന്നില്ല. അതിനിടയിലാണ് തീരദേശനിവാസികൾക്ക് മൊത്തം ഭീഷണിയായ തീരദേശ ഹൈവേ പദ്ധതിയുമായി സർക്കാർ മുന്നോട്ടു വന്നിരിക്കുന്നത്. ഇപ്പോൾ അതിവേഗത്തിൽ നിർമാണം നടക്കുന്ന ദേശീയപാത ഏറെക്കുറെ തീരദേശത്തു കൂടി കടന്നു പോകുമ്പോഴാണ് തീരത്തോട് ചേർന്ന് മറ്റൊരു രാജപാതക്ക് രൂപം കൊടുക്കാൻ സർക്കാർ തയാറായിരിക്കുന്നത്. 

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരാഹിത്യം നേരിടുന്ന സ്ഥലം തീരദേശമാണ്. വാസയോഗ്യമായ സ്ഥലത്ത് ജനങ്ങൾ തിങ്ങിത്താമസിക്കുകയാണ്. നിരന്തരം ആവർത്തിക്കുന്ന കടൽക്ഷോഭം ദിനേനയെന്നോണം നിരവധി കുടുംബങ്ങളെ ഭവനരഹിതരാക്കുന്നു. തീരശോഷണം രൂക്ഷമാകുന്നു. ഇവരെ ഫലപ്രദമായി പുനരധിവസിപ്പിക്കാനുള്ള ഒരു നടപടിയും ഭരണകൂടം കൈക്കൊള്ളുന്നുമില്ല. കടൽ കയറ്റം തടയുന്നതിന് ഫലപ്രദമായ ഒരു ഇടപെടലുമില്ല. കേരളത്തിന്റെ മികവായി പറയുന്ന വികസന നേട്ടങ്ങളൊന്നും തന്നെ തീരദേശത്ത് ലഭ്യമായിട്ടില്ല. കേരള വികസനത്തിന്റെ പുറമ്പോക്ക് ഭൂമിയാണ് കേരളത്തിലെ തീരപ്രദേശങ്ങൾ. നിരന്തരം അവഗണിക്കപ്പെട്ട ഒരു ജനത.  നിരവധി വർഷങ്ങളായി കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർ ഗോഡൗണുകളിലും മറ്റും അഭയാർത്ഥികളായി കഴിയുന്ന കാഴ്ച ഇപ്പോഴും തുടരുകയാണ്. ഇങ്ങനെ, ഇപ്പോൾ തന്നെ എല്ലാ നിലയിലും നിലംപരിശാക്കപ്പെട്ട ഒരു ജനസമൂഹത്തിന് മേലെയാണ് തീരദേശ ഹൈവേ എന്ന ദുരന്തം കൂടി അടിച്ചേൽപിക്കുന്നത്. അത് തങ്ങളുടെ  വംശഹത്യക്ക് കാരണമാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പദ്ധതിക്കെതിരെ തീരഭൂ സംരക്ഷണ സമിതി എന്ന പേരിൽ മത്സ്യത്തൊഴിലാളികൾ സംഘടിച്ചിട്ടുണ്ട്. 

ഹൈവേക്ക് വേണ്ടി  പല ഇടങ്ങളിലും ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ  മുന്നോട്ടു പോവുകയാണെന്ന് സമിതി ആരോപിക്കുന്നു. സ്ഥലം ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ റവന്യൂ വകുപ്പ് അധികൃതർ പോലീസിന്റെ സഹായത്തോടു കൂടി  വീടുകളിൽ പ്രവേശിച്ച് പിങ്ക് കല്ലുകൾ നാട്ടുകയാണ്. വിശദമായ പദ്ധതി രേഖ പ്രസിദ്ധീകരിക്കാതെയും പദ്ധതിയെപ്പറ്റി ജനങ്ങൾക്കിടയിൽ വിശദീകരിക്കാതെയും ജനപ്രതിനിധികളോട് പോലും കാര്യങ്ങൾ മറച്ചുവെച്ചുമാണ് ഈ നടപടികൾ.  വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷകൾക്കും ജനപ്രതിനിധികളുടെ ആവശ്യപ്പെടലിനും ഡി.പി.ആർ തയാറായി വരുന്നതേയുള്ളൂ എന്ന മറുപടിയാണത്രേ  ലഭിക്കുന്നത്. 

ഒമ്പത് ജില്ലകളിലായി 52 സ്‌ട്രെക്ചറിലായി 623 കി.മീറ്റർ ദൈർഘ്യത്തിൽ  തീരദേശത്തുകൂടെ കടന്നു പോകുന്നതാണ് തീരദേശ പാതയെന്നാണ് അറിവ്. രണ്ടര മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക്, നടപ്പാത, ബസ് ബേ, വാഹന പാത, വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ സംവിധാനങ്ങൾ ഈ പാതയിൽ ഉണ്ടായിരിക്കും.  50 കിലോമീറ്റർ ഇടവിട്ട് 12 ഇടങ്ങളിൽ പ്രത്യേക ടൂറിസം ഹബ്ബുകൾ നിർമിക്കും. 500 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും നിർമിക്കുന്ന ടൂറിസം ഹബ്ബുകളിൽ വിനോദത്തിനു വേണ്ട എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഹോട്ടൽ സമുച്ചയങ്ങൾ, കഫ്റ്റീരിയ, പാർക്കിംഗ് സൗകര്യങ്ങൾ, ടൊയ്‌ലറ്റ് സൗകര്യങ്ങൾ, ഫ്േളാട്ടിങ് ബ്രിഡ്ജ്, മറ്റു വിനോദ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ തുടങ്ങിയവ സജ്ജീകരിക്കും. 20 ഗ്രാമപഞ്ചായത്തുകളിലും 11 മുനിസിപ്പാലിറ്റികളിലും നാല് കോർപറേഷനുകളിലുമായി 540.61 ഹെക്ടർ ഭൂമിയാണ് ഈ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നതെന്നുമറിയുന്നു. അതേസമയം പദ്ധതിയുടെ സാമൂഹിക - പാരിസ്ഥിതികാഘാത പഠനമോ ഒന്നും ലഭ്യമല്ലെന്ന് സമിതി തീരഭൂ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. കഴിഞ്ഞ നാലു വർഷത്തിലേറെയായി സിമന്റ് ഗോഡൗണുകളിലും ബന്ധുവീടുകളിലും മറ്റും അഭയാർത്ഥികളെ പോലെ കഴിഞ്ഞുപോരുന്ന മനുഷ്യരെ പുനരധിവസിപ്പിക്കാനുള്ള ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ ഹൈവേയുടെ പേരിൽ കുടിയിറക്കപ്പെടുന്നവർക്ക് മാന്യമായ പുനരധിവാസം നൽകുമെന്ന് കരുതാനാകില്ലെന്നും സമിതി പറയുന്നു.

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും നഷ്ടപരിഹാരം നൽകുന്നതെന്നും  പറയുമ്പോഴും ഈ നിയമമനുസരിച്ച് പദ്ധതി ബാധിക്കുന്ന 70% പേരുടെ അംഗീകാരമുണ്ടെങ്കിലേ  നടപ്പാക്കാൻ പാടുള്ളൂ എന്ന നിബന്ധന പാലിക്കപ്പെടുന്നില്ല.  പദ്ധതി ബാധിക്കുന്നവരെ ഉൾപ്പെടുത്തി പൊതു ഹിയറിംഗ് നടത്തുകയോ അവരോട് അഭിപ്രായം ചോദിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ തീരദേശ ഹൈവേയുടെ പേരിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ നിയമ വിരുദ്ധമാണ്. പോലീസിന്റെ ബലത്തിൽ റവന്യൂ ഉദ്യോഗസ്ഥരിലൂടെ സർക്കാർ  നടത്തുന്ന ഗുണ്ടാവാഴ്ചയാണ് ഫലത്തിൽ ഉണ്ടാകുന്നതെന്നും സമിതി ആരോപിക്കുന്നു. മാത്രമല്ല, നഷ്ടപരിഹാരമായി 600 ചതുരശ്ര അടി ഫ്‌ളാറ്റോ 13 ലക്ഷം രൂപയോ എന്ന വാഗ്ദാനം അംഗീകരിക്കാനാവില്ല.  
ഇപ്പോൾ തന്നെ വൻതോതിൽ നടക്കുന്ന വികസസന പ്രവർത്തനങ്ങൾ തീരദേശ ജനതയുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. കടലിലും കടൽതീരത്തും നടത്തിയ വൻകിട നിർമിതികൾ, പുലിമുട്ടുകൾ, ഹാർബറുകൾ എന്നിവയുടെ വടക്ക് ഭാഗങ്ങളിലെല്ലാം ഇതുപോലെ കര എടുത്ത് പോയിട്ടുള്ളതായി കാണാം. വിഴിഞ്ഞം തുറമുഖത്തിനായി ഡ്രഡ്ജ് ചെയ്തതിന്റെയും. 
ഏതു വികസന പദ്ധതിയിലും ആദ്യ മുൻഗണന ഇരകൾക്കായിരിക്കണം. സാമാന്യം ഭേദപ്പെട്ട നഷ്ടപരിഹാരം കൊടുക്കാൻ തയാറായതോടെയാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സമരങ്ങൾ തണുത്തത്. എന്നാൽ തീരദേക ഹൈവേയുമായി ബന്ധപ്പെട്ട് അതത്ര എളുപ്പമല്ല. ഇവിടെ ജനങ്ങൾക്ക് സ്ഥലം മാത്രമല്ല, തൊഴിലും ജീവിതവും നഷ്ടപ്പെടുകയാണ്. അവരുടെ, പ്രത്യേകിച്ച് മധ്യവയസ്സും അതിനു മുകളിലുള്ളവരുടെയും ജീവിതം കടലുമായി ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. കടലോരത്തുനിന്ന് വളരെ അകലെ പോകാനവർക്ക് കഴിയില്ല. കടലോരത്തെ നിർമാണ പ്രവർത്തനങ്ങൾ മത്സ്യസമ്പത്തിനെയും ബാധിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചും കടലോരത്തിന്റെ പ്രാഥമിക അവകാശി അവരാണെന്ന് അംഗീകരിച്ചും അവരുടെ അംഗീകാരത്തോടെ വേണം ഏതൊരു പദ്ധതിയും നടപ്പാക്കാൻ. ആദിവാസികൾ കാടുമായി എങ്ങനെ ബന്ധപ്പെടുന്നുവോ അതുപോലെ  മത്സ്യത്തൊഴിലാളി സമൂഹം കടലും തീരവുമായി ഇഴുകിച്ചേർന്ന് കഴിയുന്ന ഗോത്ര സ്വഭാവമുളള ജനതയാണ്. ആദിവാസികൾക്ക് വനാവകാശം പോലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് കടലവകാശവും ലഭ്യമാക്കേണ്ടതാണ്. അതിനു വിരുദ്ധമായി  ആവാസ വ്യവസ്ഥയിൽ നിന്നുളള വിഛേദം അവരുടെ ജീവിതത്തെ തകർത്തുകളയും. ഫലത്തിൽ അത്  വംശഹത്യയായി മാറുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതെല്ലാം പരിഗണിച്ചു വേണം ഒരു ജനകീയ സർക്കാർ തീരദേക ഹൈവേ പോലുള്ള പദ്ധതിയുമായി മുന്നോട്ടു പോകാൻ.

 

Latest News