Sorry, you need to enable JavaScript to visit this website.

രാജ്യസഭ എംപിമാര്‍ക്ക് ഇനി 22 ഭാഷകളില്‍ പ്രസംഗിക്കാം

ന്യൂദല്‍ഹി- രാജ്യസഭയില്‍ 22 ഇന്ത്യന്‍ ഭാഷകളില്‍ തത്സമസ വിവരണം ലഭ്യമാണെന്ന് അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അറിയിച്ചു. പുതുതായി അഞ്ചു ഭാഷകളാണ് ചേര്‍ത്തിരിക്കുന്നത്. രാജ്യസഭാംഗങ്ങള്‍ക്ക് ഇനി ഡോംഗ്രി, കശ്മീരി, കൊങ്കണി, സന്തലി, സിന്ധി ഭാഷകള്‍ ഉള്‍പ്പെടെ 22 ഭാഷകളില്‍ സഭയില്‍ പ്രസംഗിക്കാമെന്ന് നായിഡു പ്രഖ്യാപിച്ചു. ഹിന്ദി, മലയാളം, കന്നഡ, തമിഴ്, മറാത്തി, ഒഡിയ, പഞ്ചാബി, തെലുഗു, ഉര്‍ദു, അസമീസ്, ബംഗാളി, ഗുജറാത്തി ഭാഷകളില്‍ തത്സമയ വിവരണം നല്‍കുന്ന സംവിധാനം നേരത്തെ തന്നെ നിലവിലുണ്ട്.

ഭാഷ തെരഞ്ഞെടുക്കുന്നത് എംപിമാര്‍ മുന്‍കൂട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിനെ അറിയിക്കണം. ഇതിനനുസരിച്ചാണ് വിവര്‍ത്തകരെ ലഭ്യമാക്കുക. പ്രസംഗിക്കുന്നവരുടെ വേഗത്തിനനുസരിച്ച് പരിഭാഷകര്‍ക്ക് ഒപ്പമെത്താനായേക്കില്ലെന്നും തുടക്കത്തില്‍ പാകപ്പിഴകള്‍ ഉണ്ടായേക്കാമെന്നും നായിഡു പറഞ്ഞു. 

രാജ്യസഭയുടെ 66 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു വിദേശ രാജ്യത്തിന്റെ പാര്‍ലമെന്റുമായി രാജ്യസഭ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും നായിഡു അറിയിച്ചു. റവാണ്ട സെനറ്റുമായാണ് രാജ്യസഭാ ഈ മാസം ധാരണാ പത്രം ഒപ്പുവച്ചത്. ഇതുപ്രകാരം പാര്‍ലമെന്ററി ചര്‍ച്ചകളും അംഗങ്ങളുടെ സന്ദര്‍ശനങ്ങളും നടക്കും.
 

Latest News