തിരുവനന്തപുരം-ആറ്റിങ്ങല്‍ പോളിടെക്‌നിക്കില്‍ ഇന്‍ഡസ്ടറി ഓണ്‍ ക്യാമ്പസിന്റെ ഭാഗമായി ഇലക്ട്രിക്ക് ഓട്ടോ ഫ്ളാഗ് ഓഫും സ്റ്റൈപ്പന്റ് വിതരണവും ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു.
പഠനത്തോടൊപ്പം വരുമാനം എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉല്‍പാദന കേന്ദ്രങ്ങളാക്കി മാറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനമാര്‍ഗ്ഗം കണ്ടെത്തുവാനായി ഗവ. പോളിടെക്നിക്ക് കോളേജുകളില്‍ നടപ്പിലാക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതിയാണ് 'ഇന്‍ഡസ്ടറി ഓണ്‍ ക്യാമ്പസ്'.
ആക്സിയന്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അസംബിള്‍ ചെയത വൈദ്യുതി ഓട്ടോകളുടെ ഫ്ലാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു.
ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡോ. ബിന്ദു, ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്ന് പറഞ്ഞു. വരും കാലത്തില്‍, തൊഴില്‍ കേന്ദ്രീകൃത പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്ന സമഗ്ര വൈഞ്ജാനികയിടമായി പോളിടെക്നിക്ക് മാറേണ്ട സമയമായിരിക്കുന്നു. പോളിടെക്നിക്കുകളുടെ ഇത്തരം വിപുലീകരണത്തില്‍ നിന്നും, തൊഴിലാളിവര്‍ഗ സമൂഹങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാണ്ടതുണ്ട്. പോളിടെക്നിക്കുകള്‍ 'മികവിന്റെ കേന്ദ്രങ്ങളായി' മാറേണ്ടിരിക്കുന്നു. ഇവ മുന്നില്‍ കണ്ട് കൊണ്ടാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്, പോളിടെക്നിക്കുകളില്‍ 'ഇന്‍ഡസ്ടറി ഓണ്‍ ക്യാമ്പസ് ' എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് .
പഠനത്തോടൊപ്പം സമ്പാദ്യവും, തൊഴില്‍ പരിചയവും ലക്ഷ്യമാക്കി ക്യാമ്പസുകളെ ഉല്‍പാദന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തില്‍ ആറ്റിങ്ങല്‍ പോളിടെക്നിക്ക് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വെച്ചത് എന്നും അത് എല്ലാവര്‍ക്കും മാതൃകയാകണമെന്നും മന്ത്രി ബിന്ദു അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ അധ്യക്ഷയായിരുന്ന ആറ്റിങ്ങല്‍ എം എല്‍ എ ഒ.എസ്. അംബിക, ആറ്റിങ്ങല്‍ മണ്ഡലം ഇന്ന് ലോകത്തിന് മാതൃകയായിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.
ആറ്റിങ്ങല്‍ പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ ഷാജില്‍ അന്ത്രു സ്വാഗതം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ: എസ് കുമാരി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. രാജശ്രീ എം.എസ്, സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. എം. രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.