Sorry, you need to enable JavaScript to visit this website.

സ്വര്‍ഗത്തിലെ ഹൂറിമാരും മിത്താണെന്ന് പറയുമോ...ഏതവനാണ് സ്വര്‍ഗത്തുപോയി വന്നത്- ജി. സുകുമാരന്‍ നായര്‍

കോട്ടയം - സ്പീക്കര്‍ എ എന്‍ ഷംസറീന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ്  നടത്തിയ സംസ്ഥാന തല വിശ്വാസ സംരക്ഷണ പരിപാടിക്ക് പെരുന്നയില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേതൃത്വം നല്‍കി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തുകയും സുകുമാരന്‍നായരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസത്തെ ഹനിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അതിനിടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വീണ്ടും ആവശ്യപ്പെട്ടു. സ്പീക്കര്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. രാജിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല.സ്പീക്കറുടെ പ്രസ്താവനക്ക് പിന്നില്‍ ഹൈന്ദവ വിരോധമാണ്. സ്പീക്കര്‍ പറഞ്ഞത് ശാസ്ത്രമായേക്കാം. എന്നാല്‍ വിശ്വാസത്തില്‍ കവിഞ്ഞൊരു ശാസ്ത്രവും നിലനില്‍ക്കുന്നില്ല. ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങള്‍ക്ക് വേണ്ടേ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സുകുമാരന്‍ നായര്‍ ഗണപതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും തേങ്ങ ഉടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നേതാക്കള്‍ക്കൊപ്പം മാധ്യങ്ങളോട് സംസാരിച്ചു.

ഹൈന്ദവര്‍ എതു സംരംഭം തുടങ്ങുന്നതിനു മുമ്പും നടത്തുന്ന പ്രാര്‍ഥന ഗണപതിയെയാണ്. അതിനെതിരെയാണ് സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന ആള്‍, നിയമസഭാ സ്പീക്കര്‍ പ്രതികരിച്ചിരിക്കുന്നത്.     ആരാധനാമൂര്‍ത്തിയെ അങ്ങേയറ്റം അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുന്നു. ഇത്രയും നിന്ദ്യവും നീചവുമായി പ്രതികരിച്ചാല്‍ അതില്‍ വിട്ടുവീഴ്ച്ച ചെയ്യാനാവില്ല.
സ്പീക്കര്‍ രാജിവയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞു.

കേരളത്തിലെ ഹൈന്ദവ ജനതയുടെ ചങ്കിനു തറച്ചിരിക്കുകയാണ് ആ പരാമര്‍ശം. എല്ലാ മതങ്ങളെയും സ്‌നേഹിക്കുകയും  ആരെയും വിമര്‍ശിക്കാതെ ആരാധനാസ്വാതന്ത്ര്യത്തെ മുറിവേല്‍പ്പിക്കാതെ പരസ്പര സഹകരണത്തോടെയും സഹവര്‍ത്തിത്വത്തോടെയുമാണ് മുന്നോട്ടു പോകുന്നത്. എന്‍എസ്എസ് പറഞ്ഞു. എല്ലാ വിഭാഗത്തില്‍പ്പെട്ട ഹൈന്ദവരും രാഷ്ട്രീയത്തിലും അല്ലാതെയും പ്രതികരിച്ചു. ഇക്കാര്യത്തില്‍ അവരോട് യോജിച്ചു പ്രവര്‍ത്തിക്കാനാണ് എന്‍എസ്എസ് തീരുമാനം.

ശബരിമല വിഷയത്തില്‍ വിജയം കാണുംവരെ മുന്നില്‍ നിന്ന സാമൂഹ്യപ്രസ്ഥാനമാണ് എന്‍എസ്എസ്. വിശ്വാസം സംരക്ഷിക്കാനായിരുന്നു അത്. അതുപോലെ ഒരു നിലപാടാണ് ഇക്കാര്യത്തിലും എടുത്തിട്ടുളളത്. അതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്നു വിശ്വാസ സംരക്ഷണ ദിനം ആചരിക്കുന്നത്. യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ വിശ്വാസത്തെ മുറുകി പിടിച്ച് ഗണപതിക്ഷേത്രങ്ങളില്‍ പ്രാര്‍ഥനയും വഴിപാടുമായി കഴിയുകയാണ്. തുടര്‍പ്രവര്‍ത്തനങ്ങള്‍ പിന്നീട് തീരുമാനിക്കും.

സ്വര്‍ഗത്തുപോയാല്‍ ഹൂറിയുണ്ടെന്ന് പറയുന്നുണ്ടല്ലോ. ആരുപോയി സ്വര്‍ഗത്ത്. ഏതവനാ സ്വര്‍ഗത്തു പോയേച്ചു വന്നത്.അതുകൊണ്ട് ആ പറയുന്നതില്‍ അര്‍ഥമില്ല. അവസരം കിട്ടുമ്പോള്‍ നമുക്കിട്ട് പണിയുകയാണ്. അതു ഹിന്ദുവിനോട് വേണ്ട. ഷംസീറിനെ നേരിടാനുളള ശക്തി ഹിന്ദുവിനുണ്ട്.

- ഷംസീര്‍ എന്ന പേരാണോ പ്രശ്‌നം

ഷംസീറിനെ ഇതുവരെ ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ. മറ്റാരായെങ്കിലുംകുറിച്ചു പറഞ്ഞിട്ടുണ്ടോ. ഞങ്ങള്‍ മുസ് ലീം സഹോദരങ്ങളെ സ്‌നേഹിക്കുന്നു. നല്ല ആളുകളാണ് ഏറെയും. ചില പുഴുക്കുത്തുകള്‍ ഉണ്ട്. അതുപറയാതെ വയ്യ. അതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ട്. മറ്റ് കാരണങ്ങളും ആവാം.
 
- ഷംസീര്‍ വിഷയം വരുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ

രാഷ്ട്രീയത്തിലേക്ക് കടക്കേണ്ട. ഏതു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും ശക്തമാണ് എന്‍എസ്എസ്

- കോണ്‍ഗ്രസിലെ നായര്‍ നേതാക്കളൊന്നും ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലല്ലോ

എല്ലാവരും ഇവിടെ വന്നു കയറും. ഗതികിട്ടാതെ വന്നു കയറും.

-  കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പ് നടത്തിയ വിവാദ പരാമര്‍ശം

വോട്ട്  ചെയ്തിറങ്ങുമ്പോള്‍ നിങ്ങള്‍ വന്നു ചോദിച്ചു. മാറ്റം ആഗ്രഹിക്കുന്നുണ്ടോ. ഉണ്ട് എന്നു പറഞ്ഞു. മാറ്റം ആഗ്രഹിക്കുന്നില്ല. ഇതെല്ലാം നിങ്ങള്‍ ( മീഡിയ ) ചെയ്യിക്കുന്നതാണ്. ഉടനെ എഴുതികാണിച്ചു എന്‍എസ് എസ് ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന്.

 

Latest News