അധ്യാപന, പ്രബോധന രംഗത്ത് സ്തുത്യർഹമായ അര നൂറ്റാണ്ട് പിന്നിടുന്ന അദ്ദേഹത്തെ എഴുപതുകളുടെ അവശതകൾ പിന്നോട്ടു വലിക്കുമ്പോഴും അവയെല്ലാം തൃണവൽഗണിച്ച് യുവ മനസ്സോടും അളവറ്റ ആഗ്രഹത്തോടും കൂടിയുള്ള അധ്യാപക സേവനം മത വൈജ്ഞാനിക മേഖലക്ക് വലിയ മുതൽകൂട്ടും മായ്ക്കപ്പെടാൻ കഴിയാത്ത അടയാളവുമാണ്.
ചരിത്രങ്ങളെ വെട്ടിമാറ്റി വൈവിധ്യങ്ങളെ ഏകശിലാത്മകമാക്കാനും ഭാരതീയർ പൊതുവെയും കൈരളിയുടെ മക്കളായ നാം പ്രത്യേകമായും ഇന്നനുഭവിക്കുന്ന സമാധാനവും സമഭാവനയും സഹവർത്തിത്വവും ശിഥിലമാക്കാനും ഒരു പറ്റം ദുഷ്ടലാക്കോടെ കിണഞ്ഞു ശ്രമിക്കുമ്പോൾ ഭാരതീയ ബഹുസ്വര സമൂഹത്തിൽ ശൈഖുനയുടെ വിവേകപൂർവമായ ഇടപെടലുകൾ നിർണായകവും മതമൈത്രിയുടെ സന്തുലനാവസ്ഥക്ക് അനിവാര്യവുമാണ്.
കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരിൽ പ്രമുഖനും മതവൈജ്ഞാനിക മേഖലയിൽ നിപുണനും കർമശാസ്ത്ര രംഗത്ത് അവലംബമാക്കാൻ കഴിയുന്ന കരുത്തുറ്റ നായകനുമാണ് ഇസ്‌ലാമിക പ്രബോധന രംഗത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കുന്ന ചന്തിരൂർ വി.എം. അബ്ദുല്ല മൗലവി. സൗമ്യനും സാത്വികനും നൂറുകണക്കിനു ശിഷ്യഗണങ്ങളുടെ ഗുരുവര്യനുമാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷനും തിരുവനന്തപുരം ജില്ലാ വലിയ ഖാദിയും ചന്തിരൂർ ജാമിഅ മില്ലിയ്യ അറബിക് കോളേജ് പ്രിൻസിപ്പലുമായ ഇദ്ദേഹം.
പണ്ഡിത ചരിത്രത്തിലെ ഐതിഹാസിക അധ്യായമായിരുന്ന മൺമറഞ്ഞ ജ്ഞാന ജ്യോതിസ്സ് ശൈഖുൽ മശായിഖ് വടുതല മൂസ മൗലവി അവർകളുടെ സഹോദരനും അദ്ദേഹത്തിന്റെ അഭാവത്തിൽ ആ നഷ്ടം നികത്താൻ കഴിയുന്ന കരുത്തുറ്റ മറ്റൊരധ്യായവും തന്നെയാണ് വിനയത്തിന്റെയും ലാളിത്യത്തിന്റെയും ഉടമ കൂടിയായ ചന്തിരൂർ അബ്ദുല്ല ഉസ്താദ്.
അപര വിദ്വേഷമില്ലാതെ പ്രവർത്തന മേഖലകളിലെല്ലാം തികഞ്ഞ ഉദ്ദേശ്യ ശുദ്ധിയോടെ പ്രവർത്തിക്കുക എന്നതും സമുദായത്തിനു ദിശാബോധം നൽകുന്നിടത്ത് പ്രശംസകൾക്കും പ്രലോഭനങ്ങർക്കും ഒരുവിധ ഇടവും നൽകാതെ പ്രമാണാധിഷ്ഠിതമായി മതവിഷയങ്ങളെ സമീപിക്കുക എന്നതും ഉസ്താദിന്റെ എടുത്തു പറയപ്പെടേണ്ട സവിശേഷത തന്നെയാണ്.
അധ്യാപന രംഗത്ത് സ്തുത്യർഹമായ അര നൂറ്റാണ്ട് പിന്നിടുന്ന അദ്ദേഹത്തെ എഴുപതുകളുടെ അവശതകൾ പിന്നോട്ടു വലിക്കുമ്പോഴും അവയെല്ലാം തൃണവൽഗണിച്ച് യുവ മനസ്സോടും അളവറ്റ ആഗ്രഹത്തോടും കൂടിയുള്ള അധ്യാപക സേവനം മത വൈജ്ഞാനിക മേഖലക്ക് വലിയ മുതൽകൂട്ടും മായ്ക്കപ്പെടാൻ കഴിയാത്ത അടയാളവുമാണ് .
ചരിത്രങ്ങളെ വെട്ടിമാറ്റി വൈവിധ്യങ്ങളെ ഏകശിലാത്മകമാക്കാനും ഭാരതീയർ പൊതുവെയും കൈരളിയുടെ മക്കളായ നാം പ്രത്യേകമായും ഇന്നനുഭവിക്കുന്ന സമാധാനവും സമഭാവനയും സഹവർത്തിത്വവും ശിഥിലമാക്കാനും ഒരു പറ്റം ദുഷ്ടലാക്കോടെ കിണഞ്ഞു ശ്രമിക്കുമ്പോൾ ഭാരതീയ ബഹുസ്വര സമൂഹത്തിൽ ശൈഖുനയുടെ വിവേകപൂർവമായ ഇടപെടലുകൾ നിർണായകവും മതമൈത്രിയുടെ സന്തുലനാവസ്ഥക്ക് അനിവാര്യവുമാണ്.
ശിഷ്യഗണങ്ങളോടുള്ള തന്റെ സമീപന രീതി ഒന്നു വേറിട്ടതു തന്നെയാണ്.
ചില സന്ദർഭങ്ങളിലുള്ള അദ്ദേഹത്തിന്റെ അതിരുവിട്ട വിട്ടുവീഴ്ചാ മനോഭാവം സഹപ്രവർത്തകരിൽ ചിലർക്കെങ്കിലും അസഹ്യമായി തോന്നാറുണ്ടെങ്കിലും ഗുണകരമായി ഭവിക്കുന്ന പരിണത ഫലം അനുഭവിച്ചറിയുന്ന സഹപ്രവർത്തകർ എന്നും ഉസ്താദിനു പ്രോത്സാഹനവും പിന്തുണയും തന്നെയാണ് നൽകി വരുന്നത്. മാത്രമല്ല അത്തരം സമീപന രീതി പല വിദ്യാർഥികളുടെയും ജീവിതത്തിനു തന്നെ വലിയ വഴിത്തിരിവാകാറുമുണ്ട് .
പ്രായഭേദമെന്യേ സർവരോടും നിറഞ്ഞ മനസ്സോടു കൂടിയ പെരുമാറ്റവും തന്റെ പദവി പരിഗണിക്കാതെയുള്ള വിനയവും നിഷ്‌കളങ്ക സമീപനവും പലപ്പോഴും മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു.
വൈജ്ഞാനിക മേഖലക്ക് പുതിയ മാനങ്ങൾ തീർക്കാൻ അത്യാധുനിക സംവിധാനങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് സർവാംഗ സമർപ്പിതനായി താൻ പടുത്തുയർത്തുന്ന മത, ഭൗതിക പഠന കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും മതരംഗത്ത് അദ്ദേഹം സമ്മാനിക്കുന്ന മഹത്തായ സംഭാവനയും അഗതികൾക്കും അശരണർക്കും വിശിഷ്യ, വിജ്ഞാന ദാഹികൾക്കും ആശാ കേന്ദ്രവും കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലും കൂടിയാണ്.
യെമനീ കുടുംബ പരമ്പരയിൽപെട്ട അദ്ദേഹം ആലപ്പുഴ വടുതല വടക്കേ കണ്ണന്തറയിൽ മക്കാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനായി 1948 ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യസം നേടിയത് വടുതല ഗവൺമെന്റ സ്‌കൂളിൽ നിന്നായിരുന്നു പാരമ്പര്യ പണ്ഡിത ശ്രേണിയിൽ പിറവിയെടുത്തതിനാൽ തന്നെ തന്റെയും കുടുംബത്തിന്റെയും ആഗ്രഹം മതപഠന മേഖലയിലേക്കു തിരിയുക എന്നതു തന്നെയായാരുന്നു. ജ്യേഷ്ഠ സഹോദരൻ മർഹൂം ജൗഹറുൽ ഉലമ ശൈഖുൽ മശായിഖ് വടുതല ഉസ്താദ് തന്നെയാണ് പ്രധാന ഗുരുവും ജീവിതത്തിന്റെ വഴികാട്ടിയും വടുതല, ചന്തിരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും മതപഠന മേഖലയിലേക്കുള്ള ആദ്യ പടികൾ കരസ്ഥമാക്കി. പിന്നീട് ജ്യേഷ്ഠ സഹോദരന്റെ ശിക്ഷണത്തിൽ കാഞ്ഞിരപ്പള്ളി ഹിദായത്തുൽ ഇസ്‌ലാം അറബിക് കോളേജിൽ ചേർന്ന് പഠിച്ചു. തുടർന്ന് തെന്നിന്ത്യയിലെ പ്രസിദ്ധമായ ദീനീകലാലയം വേലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി 1974 ൽ ബിരുദം കരസ്ഥമാക്കി. അബദുൽ കരീം മുസ്‌ല്യാർ ചന്തിരൂർ, മുജാഹിദെമില്ലത്ത് ശൈഖുനാ മുഹമ്മദ് ഈസ മൗലവി ഫാളിൽ മൻബഈ ഈരാറ്റുപേട്ട, പാപ്പിനിശ്ശേരി ശൈഖ് ഹസൻ ഹസ്രത്ത്, അബ്ദുൽ റഹ്മാൻ ഫദ്ഫരീ ഹസ്‌റത്ത്, ഒ.കെ ഹസ്‌റത്ത്, മുസ്തഫ ആലിം സാഹിബ് എന്നിവരും പ്രധാന ഗുരുക്കന്മാരാണ്.
മൻബഉൽ ഉലൂം സി.കെ അഹമ്മദ് മൗലവി, എ.പി മുഹമ്മദ് മുസ്‌ല്യാർ
(ചെറിയ എ.പി ), മർഹൂം ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ല്യാർ, വെള്ളമുണ്ട മമ്മൂട്ടി മുസ്‌ലിിയാർ എന്ന മുഹമ്മദ് കുഞ്ഞു മുസ്‌ലിയാർ, പാനായിക്കുളം ഹസ്‌റത്ത്, തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി എന്നിവർ സഹപാഠികളാണ്. ആറാട്ടുപുഴ അറബിക് കോളേജ് , മൻബഉൽ ഖൈറാത്ത് അറബിക് കോളേജ് ഈരാറ്റുപേട്ട, ഫാറൂഖിയ്യ അറബിക് കോളേജ് ചന്തിരൂർ, പോരുവഴി ജാമിഅ ജലാലിയ്യ അറബിക് കോളേജ് എന്നീ പ്രസിദ്ധ സ്ഥാപനങ്ങൾക്കു പുറമെ കറ്റാനം, തൊടിയൂർ എന്നീ സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ചു. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ കേന്ദ്രമാക്കി 2007 ൽ പ്രവർത്തനമാരംഭിച്ച ജാമിഅ മില്ലിയ്യ അറബിക് കോളേജും അനുബന്ധ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ തന്നെ ശ്രമഫലത്താൽ പടുത്തുയർത്തപ്പെട്ടതാണ്. ജീവിതത്തിന്റെ ഓരോ ചുവടും ചരിത്രമാക്കിക്കൊണ്ടിരിക്കുന്ന ഈ ജ്ഞാനജ്യോതിസ്സ് നിലവിൽ സേവനമനുഷ്ഠിക്കുന്നതും അതേ സ്ഥാപനത്തിൽ തന്നെയാണ്.
സയ്യിദ് സിബ്ഗത്തുള്ള തങ്ങൾ ലക്ഷദീപ്, മൗലവി സൈദ് മുഹമ്മദ് അൽ കാശിഫി കാഞ്ഞിരപ്പള്ളി, വടുതല ഖത്തീബ് അബ്ദുൽ ഹമീദ് ബാഖവി, വി.കെ ഷംസുദ്ദീൻ ബാഖവി, തൊടിയൂർ ഷറഫുദ്ദീൻ ബാഖവി, ഹാരിസ് റഷാദി കരുനാഗപ്പള്ളി, അബ്ദുൽ അസീസ് മൗലവി ഇലിപ്പക്കുളം എന്നിവർ പ്രധാന ശിഷ്യന്മാരാണ്. ആത്മസംസ്‌കരണം, ജീവകാരുണ്യം, മാനവിക ഐക്യം എന്നിവ ലക്ഷ്യമാക്കി കേരളത്തിലും വിദേശത്തും സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചു വരുന്ന ഉസ്‌റത്തുൽ മില്ലിയ്യ എന്ന സംഘടന അബ്ദുല്ല ഉസ്താദ് അവർകളുടെ ശിഷ്യന്മാരുടേതും അവിടുത്തെ ശിക്ഷണത്തിൽ പ്രവർത്തിക്കുന്നതുമായ പ്രസ്ഥാനമാണ്.






