മലപ്പുറത്തെ കോളേജുകളില്‍ കൂട്ടത്തോല്‍വി: പരാതിയുമായി വിദ്യാര്‍ഥികള്‍

മലപ്പുറം- കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ കോഴ്‌സില്‍ കൂട്ടത്തോല്‍വി. മൂല്യനിര്‍ണയത്തിലെ അപാകതയാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തി. സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ കോഴ്സായ ബി.എ.എഫ്.ടി (ഫോറിന്‍ ട്രേഡ്) യിലാണ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ തോറ്റത്. അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ കോ-ഓപ്പറേഷന്‍ എന്ന വിഷയത്തിലെ രണ്ടാം സെമസ്റ്റര്‍ ഫലത്തിലാണ് വ്യാപകമായി അപാകതയുള്ളതായി ആരോപണമുയര്‍ന്നത്. തോറ്റവരില്‍ ഭൂരിഭാഗത്തിനും ഒരേ രീതിയില്‍ മാര്‍ക്ക് രേഖപ്പെടുത്തിയത് സംശയമുയര്‍ത്തുന്നതാണെന്ന് വിദ്യാര്‍ഥികളും അധ്യാപകരും കുറ്റപ്പെടുത്തുന്നു.
സര്‍വകലാശാലക്ക് കീഴിലെ ആറ് കോളേജുകളിലാണ് ഈ കോഴ്‌സുള്ളത്. വളാഞ്ചേരി സഫ കോളേജ്, പനങ്ങാങ്ങര ജെംസ്, കുറ്റിപ്പുറം കെ.എം.സി.ടി, നിലമ്പൂര്‍ അമല്‍, കാടാമ്പുഴ ഗ്രേസ് വാലി എന്നിവിടങ്ങളിലാണ് ഈ കോഴ്‌സ് പഠിപ്പിക്കുന്നത്. രണ്ടാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞത് ആറ് മാസം മുമ്പാണ്. കഴിഞ്ഞ ദിവസമാണ് ഫലം പുറത്തു വന്നത്. ഓരോ കോളേജിലും അഞ്ചില്‍ താഴെ വിദ്യാര്‍ഥികളാണ് ജയിച്ചിട്ടുള്ളത്. വിജയിച്ചവര്‍ക്കാകട്ടെ കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചത്. തോറ്റവര്‍ക്കെല്ലാം 11 മാര്‍ക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സംശയമുയര്‍ത്തുന്നതാണെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
ബി.എ ഇക്കണോമിക്സ് എടുത്തവര്‍ക്ക് കോംപ്ലിമെന്ററി കോഴ്സായാണ് കോ-ഓപ്പറേഷന്‍ പഠിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ സമയത്ത് ഇത്തരം കോംപ്ലിമെന്ററി പേപ്പറുകള്‍ പലരും എടുക്കാന്‍ മടിക്കുകയും ഈ പേപ്പറുകള്‍ സര്‍വകലാശാലയിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ തിരിച്ചയക്കുന്ന പേപ്പറുകള്‍ പേരിന് മാത്രം മൂല്യനിര്‍ണയം നടത്തി ഫല പ്രഖ്യാപനം നടത്തുകയാണ് സര്‍വകലാശാല ചെയ്യുന്നത്. മൂല്യനിര്‍ണയത്തില്‍ അപാകതയുണ്ടാകാന്‍ ഇത് പ്രധാന കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ വിഷയത്തില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും തോറ്റതോടെ അവര്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടും. അവസാന വര്‍ഷമായതിനാല്‍ തോറ്റ വിഷയം എഴുതിയെടുക്കാന്‍ ഇനി സപ്ലിമെന്ററി അവസരം ലഭിക്കില്ല. അതോടെ ഒരു വര്‍ഷത്തിന് ശേഷം പരീക്ഷ എഴുതേണ്ടി വരും. തോറ്റ വിഷയത്തില്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. അതേസമയം, കൂട്ടത്തോല്‍വിയെ കുറിച്ച് സര്‍വകലാശാല അന്വേഷണം നടത്തണമെന്ന് ശക്തമായ ആവശ്യവും വിദ്യാര്‍ഥികളുടെയും അധ്യാപരകുടെയും ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.
--

Latest News