Sorry, you need to enable JavaScript to visit this website.

'ആദ്യം ഗണപതി ക്ഷേത്രത്തിന്റെ 68 ഏക്കർ കൈയേറിയത് തിരിച്ചു കൊടുക്കൂ' -എൻ.എസ്.എസിനോട്‌ എ.കെ ബാലൻ

- വിശ്വാസികളെ ഒപ്പം നിർത്താൻ എൻ.എസ്.എസ് ജനറൽസെക്രട്ടറി​ സുകുമാരൻ നായർ വഴിവിട്ട മാർഗം സ്വീകരിക്കുകയാണ്. എന്റെ മേൽവിലാസം ഇത്തരം ആളുകളുടെ കൈയും കാലും പിടിച്ച് ഉണ്ടാക്കിയതല്ല. എൻ.എസ്.എസ് സ്ഥാപനങ്ങളിൽ കോഴ വാങ്ങാതെ നിയമനം നടക്കുന്നുണ്ടോയെന്നും സി.പി.എം നേതാവ് ചോദിച്ചു.

തിരുവനന്തപുരം - എൻ.എസ്.എസ് ജനറൽസെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലൻ. എൻ.എസ്.എസ് സ്ഥാപനങ്ങളിൽ സമുദായത്തിലെ പാവപ്പെട്ടവരിൽനിന്നു കോഴ വാങ്ങാതെ നിയമനം നടത്തുന്നുണ്ടോയെന്ന് സുകുമാരൻ നായർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 ഗണപതി ഭഗവാൻ മുഖ്യ ആരാധനാ മൂർത്തിയായ പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ 68 ഏക്കർ സ്ഥലം അനധികൃതമായി എൻ.എസ്.എസ് കൈവശം വച്ചതായി ദേവസ്വം ബോർഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. ക്ഷേത്രത്തിന് അവകാശപ്പെട്ട സ്വത്ത് തിരിച്ചുകൊടുക്കുകയാണ് ആദ്യം സുകുമാരൻ നായർ ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
 മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് എന്ത് സംവരണമാണ് എൻ.എസ്.എസ് നല്കുന്നത്? സംഘടനയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം സാമ്പത്തിക സംവരണാടിസ്ഥാനത്തിലാണോ? സ്വന്തം സമുദായത്തിലെ പാവപ്പെട്ടവർക്ക് അനുകൂലമായ വിധി നടപ്പാക്കാൻ സുകുമാരൻ നായർക്ക് സാധിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എന്റെ മേൽവിലാസം ഇത്തരം ആളുകളുടെ കൈയും കാലും പിടിച്ച് ഉണ്ടാക്കിയതല്ല. ഞാൻ വെള്ളിക്കരണ്ടിയുമായി ജനിച്ചവനല്ല. ഇവരുടെ ഒന്നും മുമ്പിൽ കൈകൂപ്പി നിന്ന ചരിത്രം എനിക്കില്ല. 
വിശ്വാസികളെ ഒപ്പം നിർത്താൻ സുകുമാരൻ നായർ വഴിവിട്ട മാർഗം സ്വീകരിക്കുകയാണ്. സ്പീക്കർ ഷംസീറിന്റെ പരാമർശം ആരേയും വേദനിപ്പിക്കുന്നതല്ല. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം ശാസ്ത്രീയമായിരിക്കണം. യുക്തി ബോധത്തോടെയായിരിക്കണമെന്നാണ് സ്പീക്കർ പറഞ്ഞത്. കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ് എൻ.എസ്.എസിന്റേതെന്നും എ.കെ ബാലൻ ചൂണ്ടിക്കാട്ടി.
 

Latest News