ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ ആറുദിവസം മുന്‍പ് അഴുകിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കാമുകന്‍ കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാണെന്ന് പോലീസ് കണ്ടെത്തി. റാണിപൂരിലാണ് സംഭവം. കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ പുനീതിനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 26നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
അതിനിടെ, മകളെ കാണാനില്ലെന്ന് ഒരാൾ പോലീസ് സ്റ്റേഷനില്‍ നൽകിയ പരാതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് യുവതിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പുനീതുമായി യുവതി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തി. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നതിനാല്‍ കല്യാണത്തിന് ഇരുവരുടെയും കുടുംബം എതിരായിരുന്നു. അതിനിടെ ഫെബ്രുവരിയില്‍ പുനീത് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. കല്യാണത്തിന് ശേഷവും ബന്ധം തുടരാന്‍ പുനീത് കാമുകിയെ നിര്‍ബന്ധിച്ചതായി പോലീസ് പറയുന്നു.
ശല്യം അധികമായതോടെ യുവതി ഫോണ്‍ നമ്പര്‍ മാറ്റി. ഇതില്‍ കുപിതനായ പുനീത് കാണാനാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം. തുടര്‍ന്ന് മൃതദേഹം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.