Sorry, you need to enable JavaScript to visit this website.

ജലനിരപ്പ് കുതിച്ചുയരുന്നു;  നിറയാനൊരുങ്ങി ഇടുക്കി അണക്കെട്ട് 

ഇടുക്കി ഡാം (ഫയൽ)

ഇടുക്കി- നിറയുമെന്ന സൂചന നൽകി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മൺസൂണിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കുതിച്ചുയരുന്നു. 2401 അടിയെത്തിയപ്പോൾ മുമ്പ് രണ്ടു വട്ടം തുറന്നു വിട്ട ഇടുക്കി ഡാം ഇത്തവണ അതേ അവസ്ഥയിലെത്താൻ ഇനി 24 അടി കൂടി ജലനിരപ്പ് ഉയർന്നാൽ മതി. ഇന്നലെ വൈകിട്ടത്തെ കണക്കനുസരിച്ച് ജലനിരപ്പ് 2377.2 അടിയാണ്. ഇന്നലെ മാത്രം അഞ്ചടിയോളം വെള്ളം ഉയർന്നു. ഇപ്പോഴുള്ളത് ശേഷിയുടെ 70 ശതമാനം വെള്ളം. 
കാലവർഷം ഇതുപോലെ തുടർന്നാൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ ചരിത്രത്തിൽ മൂന്നാം വട്ടം ഉയർത്തേണ്ടി വരും. 
2403 അടിയാണ് പൂർണ സംഭരണ ശേഷിയെങ്കിലും സുരക്ഷ മുൻനിർത്തി 2401 അടി പിന്നിടുമ്പോൾ ഷട്ടർ ഉയർത്തും.
1976 ൽ കമ്മിഷൻ ചെയ്ത ഇടുക്കി അണക്കെട്ട് തുറന്നുവിട്ടിട്ടുള്ളത്  1981 ഒക്ടോബർ 22 നും 1992 ഒക്ടോബർ 11 നുമാണ്. 2005 ൽ ജലനിരപ്പ് 2400 അടി വരെയും 2007ലും 2013ലും 2401.7 അടി വരെയും ജലനിരപ്പ് എത്തിയിരുന്നു. എന്നാൽ മഴ കുറഞ്ഞതിനാലും വൈദ്യുതി ഉൽപാദനം ഉയർത്തി ജലനിരപ്പു താഴ്ത്തിയതിനാലും  ഡാം തുറന്നുവിടേണ്ട സാഹചര്യം ഒഴിവായി. 
മൺസൂണിന്റെ ആദ്യ ഘട്ടത്തിൽ ഇത്രയും ജലനിരപ്പ് ഉയരുന്നത് ആദ്യമാണെന്നതാണ് ഡാം നിറഞ്ഞേക്കുമെന്ന നിഗമനത്തിൽ വൈദ്യുതി ബോർഡ് ഗവേഷണ വിഭാഗം എത്താൻ കാരണം. മുമ്പ് ജലനിരപ്പ് 2400 അടിയിൽ എത്തിയതെല്ലാം മൺസൂണിന്റെ രണ്ടാം പാതിയിലായിരുന്നു. കഴിഞ്ഞ 10 ദിവസം കൊണ്ട് അണക്കെട്ടിലെ ജലനിരപ്പ് 21 അടിയാണ് ഉയർന്നത്. 1985 ജൂലൈ 17ലെ 2374.1 എന്ന റെക്കോർഡ് മറികടന്നാണ് ജലശേഖരം കുതിക്കുന്നത്. 2017ൽ ഇതേ ദിവസത്തേക്കാൾ 50.1 ശതമാനം വെള്ളം നിലവിൽ അധികമുണ്ട്.
ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ് ഡാമുകൾ എന്നിവ ചേർന്നതാണ് ഇടുക്കി പദ്ധതി. ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് ആവശ്യമെങ്കിൽ തുറക്കുന്നത്. അഞ്ച് ഷട്ടറുകളാണ് ചെറുതോണി ഡാമിനുള്ളത്. ഇതിന് ഒരോന്നിനും 40 അടി നീളവും 60 അടി ഉയരവുമുണ്ട്. ഒരു ഷട്ടർ രണ്ടടി ഉയർത്തിയാൽ സെക്കന്റിൽ 1200 ഘനയടി വെള്ളം പുറത്തേക്കൊഴുകും. ഒടുവിൽ തുറന്ന 92 ൽ ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടർ രണ്ട് സെന്റീ മീറ്ററോളമാണ് ആദ്യം ഉയർത്തിയത്.  
 

Latest News