ന്യൂദല്‍ഹി- കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍നിന്ന് എത്ര പേര്‍ക്ക് ജോലി നല്‍കിയെന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ ചോദ്യത്തിന് അര്‍ധ സേനാ വിഭാഗങ്ങളിലെ റിക്രൂട്ട്മെന്റിന് മതം മാനദണ്ഡമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. കേന്ദ്രം മുസ്ലിംകളെ അവഗണിക്കുകയാണെന്നും അര്‍ധ സേനാ വിഭാഗങ്ങളിലടക്കം എത്ര പേര്‍ക്കാണ് ജോലി നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയണമെന്നുമാണ് കഴിഞ്ഞ ദിവസം ഉവൈസി ഹൈദരാബാദില്‍ ആവശ്യപ്പെട്ടത്. പാരാ മിലിട്ടറി റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ ഒരു മതത്തിനും പങ്കില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. സി.ആര്.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എന്‍.എസ്.ജി, അസം റൈഫിള്‍സ് എന്നീ അര്‍ധ സേനാ വിഭാഗങ്ങളുടെ മൊത്തം ശേഷി 10 ലക്ഷമാണ്.