കോൺഗ്രസ് എല്ലാവരേയും സ്‌നേഹിക്കുന്നു -രാഹുൽ ഗാന്ധി 

ന്യൂദൽഹി-മുസ്‌ലിം  പാർട്ടി എന്നു വിളിച്ചുള്ള ബി.ജെ.പിയുടെ ആക്ഷേപത്തിന് ശക്തമായ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജീവനുള്ള എല്ലാവരെയും സ്‌നേഹിക്കുന്നു, ഞാൻ കോൺഗ്രസാണ് എന്നായിരുന്നു രാഹുലിന്റെ മറുപടി. ചൂഷണം ചെയ്യപ്പെടുന്നവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഒപ്പം അവർ നിൽക്കുന്ന വരിയിലെ ഏറ്റവും അവസാനത്തെ ആളിന്റെ ഒപ്പമാണ് ഞാൻ നിൽക്കുന്നത്. അവരുടെ ജാതിയോ മതമോ എനിക്കു പ്രശ്‌നമല്ല. വേദനിക്കുന്നരെ കൈപിടിച്ചുയർത്താനാണ് ശ്രമിക്കുന്നത്, വെറുപ്പും ഭയവും തുടച്ചു മാറ്റുന്നു. എല്ലാവരെയും സ്‌നേഹിക്കുന്നു. ഞാൻ കോൺഗ്രസാണ് എന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. 
കോൺഗ്രസ് രാമായണ മാസാചരണം ഉപേക്ഷിച്ചതു മുസ്‌ലിംകൾക്കു വേണ്ടിയുള്ള പാർട്ടി ആയതിനാലാണെന്നായിരുന്നു ബി.ജെ.പി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. കോൺഗ്രസ് ന്യൂനപക്ഷ പാർട്ടിയാണെന്നു രാഹുൽ പറഞ്ഞതായി പ്രചരിപ്പിച്ചതു തങ്ങളല്ലെന്നും കോൺഗ്രസിന്റെ തന്നെ ന്യൂനപക്ഷ സെൽ അധ്യക്ഷനാണെന്നും ബി.ജെ.പി ആരോപണം ഉയർത്തിയിരുന്നു. 
ഉത്തർപ്രദേശിലെ അസംഗഢിൽ നടന്ന റാലിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കോൺഗ്രസ് മുസ്‌ലിം പാർട്ടിയാണോ എന്ന ചോദ്യമുന്നയിച്ചത്. കോൺഗ്രസ് മുസ്‌ലിംകളുടെ പാർട്ടിയാണെന്ന് വാർത്തകളിൽ വായിച്ചു. അതിൽ അതിശയമില്ലെന്നും പ്രകൃതി സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‌ലിംകളാണെന്നു പറഞ്ഞത് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രിയാണെന്നും മോഡി പറഞ്ഞിരുന്നു. മുത്തലാഖിനെ കുറ്റകൃത്യമാക്കുന്ന ബില്ലിനെ എതിർക്കുന്നതിന്റെ പേരിൽ കോൺഗ്രസ് മുസ്‌ലിം  പുരുഷൻമാരുടെ മാത്രം പാർട്ടിയാണോ, അതോ മുസ്‌ലിം വനിതകളുടെ ഒപ്പം നിൽക്കുന്നുണ്ടോ എന്നും മോഡി ചോദിച്ചു. 
വിഭജന രാഷ്ട്രീയം കോൺഗ്രിസിനില്ലെന്നും എല്ലാ വിഭാഗക്കാരുടെയും പാർട്ടിയാണെന്നുമായിരുന്നു മോഡിയുടെ ചോദ്യങ്ങൾക്കു പാർട്ടി നൽകിയ മറുപടി. കോൺഗ്രസ് മുസ്‌ലിംകളുടേതാണെന്നു പറഞ്ഞ പത്രവാർത്ത കെട്ടിച്ചമച്ചതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തിയുള്ള ഒരു പാർട്ടിയുണ്ടെങ്കിൽ അത് കോൺഗ്രസാണ്. ഈ രീതി ജവാഹർലാൽ നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെയുള്ളവർ ഇന്നും പിന്തുടരുന്നതാണെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. 

Latest News