Sorry, you need to enable JavaScript to visit this website.

ഷംസീറിനെതിരെ ശബരിമല പ്രതിഷേധകാലത്തെ സമരവുമായി എൻ.എസ്.എസ്

കോട്ടയം - നിയമസഭ സ്പീക്കർ എ.എൻ ഷംസീറിന് എതിരെ ശബരിമല പ്രതിഷേധ കാലത്തെ സമരരീതിയുമായി എൻ.എസ്.എസ്. നാമജപ ഘോഷയാത്ര നടത്താനാണ് തീരുമാനം. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെ നാമജപഘോഷയാത്ര നടത്തും. നാളെ(ഓഗസ്റ്റ് രണ്ട് ബുധൻ)യാണ് നാമജപ ഘോഷയാത്ര. ഷംസീറിന്റെ ഗണപതി പരാമർശത്തിൽ ബന്ധപ്പെട്ടവർ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് ബുധനാഴ്ച വിശ്വാസസംരക്ഷണദിനമായി ആചരിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കരയോഗം ഭാരവാഹികളോട് ആവശ്യപ്പെട്ടു.ആരാധനാ മൂർത്തിയായ ഗണപതിയെ സംബന്ധിച്ച് നിയമസഭാ സ്പീക്കർ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ സർക്കാർ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും എൻഎസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.അതിനെ നിസാരവത്കരിച്ചുകൊണ്ടുള്ള നിലപാടാണ് ബന്ധപ്പെട്ടവരിൽ നിന്നുണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് വിശ്വാസ സംരക്ഷണദിനം ആചരിക്കുവാൻ തീരുമാനിച്ചത്.

എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളും രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുകയും വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർഥിക്കുകയും ചെയ്യണമെന്നാണ് നിർദേശം.ഇതിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാൻ പാടില്ലെന്നും ജനറൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.എൻഎസ്എസ് താലൂക്ക് യൂണിയനകൾക്കും കരയോഗങ്ങൾക്കും അയച്ച സർക്കുലറിലാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

എൻഎസ്എസ് ലെറ്റർ ഹെഡിലുളള സർക്കുലറിന്റെ പൂർണരൂപം:

'നമ്മുടെ ആരാധനാ മൂർത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ നടത്തിയ പരാമർശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് 'മിത്ത്' (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്. ഈ നടപടി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, സ്പീക്കർ തന്നെ ആയാലും, ഒരുത്തർക്കും യോജിച്ചതല്ലെന്നും, പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ ഗവൺമെന്റ് ഭാഗത്ത് നിന്ന് നടപടിയുണ്ടായകണമെന്നും നമ്മൾ ആവശ്യപ്പെട്ടു. അതിനെ നിസാരവത്കരിച്ചുകൊണ്ടുള്ള ബന്ധപ്പെട്ടവരുടെ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് നമുക്കുള്ളത്.

അതിന്റെ അടിസ്ഥാനത്തിൽ, നമ്മുടെ വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 2ാം തീയതി വിശ്വാസ സംരക്ഷണദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. അന്നേദിവസം എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. ഇതിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.


 

Latest News