Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്ത് എൻ.ഐ.എയുടെ ഇടപെടൽ, നിർമാണ പ്രവൃത്തികൾക്ക് വിലക്ക്

മഞ്ചേരി പുൽപ്പറ്റ കാരാപ്പറമ്പ് ഞാവലിങ്ങലിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനം ഗ്രീൻവാലി അക്കാദമി

മഞ്ചേരി-നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയുടെ ആസ്ഥാന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരി ഞാവലിങ്ങൽ ഗ്രീൻവാലിയിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇവിടെ ഇനി നിർമ്മാണ പ്രവൃത്തികൾ നടത്താൻ പാടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കർശന നിർദ്ദേശം.വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്നുവെന്നാരോപിച്ചാണ് നടപടി. ഇക്കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഗ്രീൻവാലി അക്കാദമി കെട്ടിടത്തിന്റെ ചുമരിൽ പതിപ്പിച്ച നോട്ടീസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  അന്വേഷണ ഏജൻസിയുടെ മുൻകൂർ അനുമതിയില്ലാതെ സ്ഥാപനം കൈമാറ്റം ചെയ്യുകയോ, വാടകക്ക് നൽകുകയോ, വിൽപ്പന നടത്തുകയോ, മാറ്റങ്ങൾ വരുത്തുകയോ ചെയ്യാൻ പാടില്ലെന്നാണ് സ്ഥാപന മാനേജർക്ക് നൽകിയ കർശന നിർദ്ദേശം.  
പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ പ്രധാന  പരിശീലന കേന്ദ്രമായ മഞ്ചേരി പുൽപ്പറ്റ കാരാപറമ്പ് ഞാവലിങ്ങൽ ഗ്രീൻവാലി അക്കാദമി കണ്ടുകെട്ടുന്നതിന്റെ മുന്നോടിയായാണ് നോട്ടീസ് പതിച്ചത്.  തിങ്കളാഴ്ച വൈകീട്ട് എൻ.ഐ.എ ഉദ്യോഗസ്ഥർ പോലീസ് അകമ്പടിയോടെ എത്തിയായിരുന്നു നോട്ടീസ് പതിച്ചത്.    യു.എ.പി.എ പ്രകാരമാണ് നടപടി.  
അക്കാദമിയുടെ പ്രോപ്പർട്ടിയുടെ ക്രയവിക്രയങ്ങൾ തടഞ്ഞുകൊണ്ടുള്ള നോട്ടീസ് എൻ.ഐ.എ നൽകിയിട്ടുണ്ടെങ്കിലും സ്ഥാപനം നടത്തുന്നതിനോ പഠനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനോ തടസങ്ങളില്ലെന്ന് അറിയിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികളുടെ പഠന കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മറ്റു വാർത്തകൾ അവഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഇന്നലെയും ഗ്രീൻ വാലി ഫൗണ്ടേഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു.
കേരളത്തിൽ എൻ.ഐ.എ കണ്ടു കെട്ടുന്ന ആറാമത്തെ പോപ്പുലർ ഫ്രണ്ട് പരിശീലനകേന്ദ്രമാണു മഞ്ചേരിയിലേത്. മലബാർ ഹൗസ്, പെരിയാർവാലി, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, വള്ളുവനാട് ഹൗസ്, ട്രിവാൻഡ്രം എഡ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിവയാണു നേരത്തെ പിടിച്ചെടുത്തത്. ഇതുൾപ്പെടെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ 18 ആസ്തികൾ എൻ.ഐ.എ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്. ഗ്രീൻവാലി ഫൗണ്ടേഷനു കീഴിൽ പത്തു ഹെക്റ്ററിലേറെ നീളുന്ന പരിശീലന കേന്ദ്രമാണു ഗ്രീൻവാലി അക്കാഡമി. എൻ.ഡി.എഫിന്റെയും പിന്നീട് പോപ്പുലർ ഫ്രണ്ടിന്റെയും പ്രവർത്തനം പ്രധാനമായും ഇവിടം കേന്ദ്രീകരിച്ചായിരുന്നെന്ന് പറയപ്പെടുന്നു. ആയുധ പരിശീലനം, ശാരീരിക പരിശീലനം, സ്‌ഫോടകവസ്തുക്കളുടെ പരീക്ഷണവും ഉപയോഗ പരിശിലനവും തുടങ്ങിയവയ്ക്കായാണ് ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിനു വേണ്ടി കൊലപാതകമുൾപ്പെടെ കുറ്റകൃത്യങ്ങൾ നടത്തുന്ന സർവീസ് വിംഗിന്റെ ഭാഗമായിരുന്നു ഗ്രീൻവാലി അക്കാഡമിയെന്നും കുറ്റവാളികളുടെ ഒളിത്താവളമായും ഇത് ഉപയോഗിച്ചിരുന്നെന്നും ആരോപണമുണ്ട്.
പി.എഫ്.ഐയുടെ വർഗീയവും വിഭാഗീയവുമായ ആശയങ്ങളുടെയും നയങ്ങളുടെയും അടിസ്ഥാനത്തിൽ കേഡർമാർക്കും അംഗങ്ങൾക്കും പരിശീലനം നൽകാനും ഇവിടം ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിലാണ് പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്നും നേരത്തെ ആരോപണമുണ്ട്. സാമൂഹികസന്നദ്ധ സംഘടനകളുടെയും വിദ്യാഭ്യാസ ട്രസ്റ്റുകളുടെയും മറവിൽ ഇത്തരം കേന്ദ്രങ്ങൾ അംഗങ്ങൾക്ക് ഭീകരപ്രവർത്തന പരിശീലനം നൽകാനാണ് പോപ്പുലർ ഫ്രണ്ട് ഉപയോഗിച്ചിരുന്നതെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിനും നേതാക്കൾ ഉൾപ്പെടെ 59 പേർക്കുമെതിരേ രാജ്യവിരുദ്ധ പ്രവർത്തനമുൾപ്പെടെ വകുപ്പുകൾ ചുമത്തി കഴിഞ്ഞ മാർച്ചിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Latest News