മലപ്പുറം- മുസ്ലിം ലീഗ് ദേശീയ ഓഫീസ്- ഖാഇദേമില്ലത്ത് സൗധത്തിന് വേണ്ടിയുള്ള പിരിവ് സകല റെക്കോർഡുകളും ഭേിദിച്ച് ഇന്നലെയാണ് പൂർത്തിയായത്. 25 കോടി ലക്ഷ്യമിട്ട് നടത്തിയ പിരിവ് 28 കോടിയോട് അടുത്തുവെച്ചാണ് അവസാനിപ്പിച്ചത്. അതേസമയം, ലീഗിന്റെ പിരിവിന് എതിരെ വിമർശനവുമായി മുൻ മന്ത്രി കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. ലീഗ് നേരത്തെ പിരിച്ചെടുത്ത ഫണ്ട് മുക്കിയവരാണ് പുതിയ ഫണ്ടിന് പിറകിലെന്നും സൂക്ഷിക്കണമെന്നുമായിരുന്നു ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ വനിതാ ലീഗ് സംസ്ഥാന നേതാവ് സുഹറ മമ്പാട് രംഗത്തെത്തി. കോടികൾ മുക്കുന്നവരുടെ കൂട്ടത്തിലാണ് ജലീൽ ഉള്ളതെന്നും തൽക്കാലം അവരെ ഉപദേശിക്കൂവെന്നും സുഹ്‌റ മമ്പാട് പറഞ്ഞു.
സുഹ്‌റ മമ്പാടിന്റെ വാക്കുകൾ:
കെ. ടി ജലീൽ പോയി ഈഡിക്കും എൻ.ഐ.എക്കുമൊക്കെ മറുപടി കൊടുക്ക്. ഇപ്പണി തൽക്കാലം ഞങ്ങൾ ചെയ്‌തോളാം. പ്രളയ കാലത്ത് കൊച്ചു കുട്ടികൾ മുതലുള്ള പൊതുജനം തന്ന പണത്തിൽ വരെ കയ്യിട്ട് വാരിയ കൂട്ടരുടെ കൂടെ, രക്തസാക്ഷി അഭിമന്യുവിന്റെ പേരിൽ പിരിച്ച പണം പകുതി മുക്കിയ കൂട്ടരുടെകൂടെ, കോപ്പറേറ്റീവ് സ്വസൈറ്റികൾ തോറും കട്ടുമുടിക്കുന്നവരുടെ കൂടെ, ലോക കേരള സഭയുടെ പേരിൽ ലോകമാകെ പിരിച്ചുമുക്കുന്നവരുടെ കൂടെ, റോഡിൽ ക്യാമറ വച്ച് അതിൽ അഴിമതി നടത്തുന്നവരുടെ കൂടെ, ഊരാലുങ്ങലിനെ മുൻനിർത്തി കോടികൾ തട്ടുന്നവരുടെ കൂടെതന്നെയല്ലേ നിങ്ങൾ ഉള്ളത്. അവരെ പോയി ഉപദേശിക്ക്.
കോളറ വന്ന് മരിച്ചു പോയ രക്ഷിതാക്കളുടെ മക്കളെ തിരൂരങ്ങാടിൽ കൊണ്ടുവന്ന് മഹാനായ എം.കെ ഹാജി ഒരു യത്തീംഖാന ഉണ്ടാക്കി തുടങ്ങിയതാ ഞങ്ങളീ പണി. മഹാനായ സീതിസാഹിബ് മേൽമുണ്ട് രണ്ടു കയ്യിലായി നിവർത്തി നമുക്കൊരു കോളേജുണ്ടാക്കണം എന്ന് ഈ സമൂഹത്തോട് പറഞ്ഞ് പിരിച്ചെടുത്ത് പാർട്ടിക്കുണ്ടായിരുന്ന കാറും വിറ്റ് കാട് പിടിച്ചു കിടന്നിരുന്ന ഫറൂഖിൽ കെട്ടിപ്പൊക്കി ഉയർത്തിയുണ്ടാക്കി വച്ചിരിക്കുന്നത് കണ്ടില്ലേ അത് തന്നെയാണു മാതൃക. ഒന്നും രണ്ടുമല്ല നൂറുകണക്കിനു പണിതുയർത്തി വച്ചിട്ടുണ്ട് ഓരോ ലീഗുകാരനും ലീഗുകാരിക്കും ഇടനെഞ്ചിൽ അഭിമാനമായി കാത്തു സൂക്ഷിക്കാൻ പോന്നത്. അതുകൊണ്ട് ഒരിക്കൽ കൂടി പറയട്ടെ ഇപ്പണി ഞങ്ങളെ പഠിപ്പിക്കണ്ട.
ഞങ്ങളിപ്പൊ പുറത്ത് നിന്ന് ഉപദേശം എടുക്കുന്നില്ല; എടുക്കുമ്പോ ജലീൽ സഖാവിനോട് പറയാം. അപ്പോൾ ലറ്റർ പേഡിൽ എഴുതി ഒരു സീലും വച്ച് തന്നാ മതി. ഇപ്പൊ ഈ ഉപദേശം മടക്കി സ്വന്തം പോക്കറ്റിൽ ഇട്ടുവച്ചോളൂ.