നിയമസഭ സ്പീക്കർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയത്.മാന്യതയുടെ രാഷ്ട്രീയത്തിന് ഏറെ വിലകൽപിച്ച അദ്ദേഹം കർശന നിലപാടുകളുള്ള സ്പീക്കറായിരുന്നു.സഭയുടെ അച്ചടക്കത്തിന് പ്രാധാന്യം നൽകി.അത് ലംഘിക്കുന്നവരെ പരസ്യമായി താക്കീത് ചെയ്തു, പലപ്പോഴും നടപടിയുമെടുത്തു.ഒരു അഭിഭാഷകൻ എന്ന നിലയിൽ ചട്ടങ്ങളെയും നിയമങ്ങളെയും കുറിച്ച് ആഴത്തിൽ പഠിച്ചാണ് അദ്ദേഹം സ്പീക്കറുടെ ചെയറിലെത്തിയിരുന്നത്. സഭ നടപടികളെ കൃത്യതയോടെ നടത്തിക്കൊണ്ടു പോകുന്നതിൽ അദ്ദേഹം പിന്നീട് വന്ന സ്പീക്കർമാർക്ക് മാതൃകയുമായിരുന്നു.
ഉമ്മൻ ചാണ്ടിക്ക് പിന്നാലെ വക്കം പുരുഷോത്തമനും കാലയവനികക്കുള്ളിൽ മറയുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഒരേടു കൂടി മറിയുന്നു.ഇന്ത്യൻ ജനാധിപത്യത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന്, പൊതുപ്രവർത്തനത്തിന് പുത്തൻ മാതൃകകൾ തീർത്താണ് ഇരുവരും യാത്രയായത്.വക്കം പുരുഷോത്തമൻ കോൺഗ്രസിൽ മാത്രമല്ല, പൊതുപ്രവർത്തനത്തിന്റെ സമസ്ത മേഖലകളെയും മാന്യതയുടെ ഇടപെടലിനെ കുറിച്ച് ബോധ്യപ്പെടുത്തിയ നേതാവാണ്.വടിവൊത്ത വസ്ത്രധാരണത്തിലൂടെ, മനസ്സു നിറയുന്ന ചിരിയോടെ അദ്ദേഹം ജനങ്ങളിലേക്കിറങ്ങി. മന്ത്രിയായും പാർലമെന്റേറിയനായും നിയമസഭ സ്പീക്കറായും ഗവർണറായും അദ്ദേഹം സമൂഹത്തിൽ നിറഞ്ഞു നിന്നു, തലമുറകളെ സ്വാധീനിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തമായ കാലത്ത്, ദേശീയത ഒരു വികാരമായി ജനങ്ങൾക്കിടയിൽ ആളിപ്പടർന്ന കാലത്ത്, രാഷ്ട്രീയത്തിൽ പിച്ചവെച്ചു തുടങ്ങിയതാണ് വക്കം പുരുഷോത്തമന്റെ ജീവിതം.വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം, സ്വാതന്ത്ര്യാനന്തര കാലമായപ്പോഴേക്കും കേരളത്തിലെ കോൺഗ്രസ് നേതൃനിരയിലെ യുവ സാന്നിധ്യമായി.അഭിഭാഷകനായി ജോലി ആരംഭിച്ചെങ്കിലും രാഷ്ട്രീയത്തിന് വേണ്ടി വഴിമാറി.ആർ. ശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു സജീവ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം.ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിന്ന് 1970 ൽ ആദ്യമായി നിയമസഭയിലേക്ക് വിജയിച്ച അദ്ദേഹം പിന്നീട് മൂന്നു തവണ കൂടി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേത്തി.മൂന്നു തവണ സംസ്ഥാന മന്ത്രിയുമായി.കേരളത്തിന്റെ രാഷ്ട്രീയ മുന്നണി സമവാക്യങ്ങൾ മാറിമറിഞ്ഞ കാലങ്ങളിലെല്ലാം അദ്ദേഹം മന്ത്രിസഭകളിലുണ്ടായിരുന്നു. അച്യുതമേനോന്റെയും ഇ.കെ. നായനാരുടെയും ഉമ്മൻ ചാണ്ടിയുടെയും സർക്കാരുകളിൽ മന്ത്രിയായ നേതാവായിരുന്നു അദ്ദേഹം.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കുറച്ചു കാലം മുഖ്യമന്ത്രിയുടെ ചുമതലയും അദ്ദേഹം വഹിച്ചു.ഉമ്മൻ ചാണ്ടി ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന കാലത്താണിത്.സംസ്ഥാന മന്ത്രിസഭയിലെ കൃഷി, തൊഴിൽ, ആരോഗ്യം, ടൂറിസം,ധനകാര്യം, എക്‌സൈസ് തുടങ്ങിയ വകുപ്പുകൾ വക്കം പുരുഷോത്തമൻ കൈകാര്യം ചെയ്തിട്ടുണ്ട്.1982 ലും 2001 ലും അദ്ദേഹം നിയമസഭ സ്പീക്കറുമായി.
ദേശീയ തലത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ കേരളത്തിൽ നിന്ന് ഏറ്റവുമധികം പരിഗണിക്കപ്പെട്ട നേതാക്കളിലൊരാളായിരുന്നു വക്കം പുരുഷോത്തമൻ.1980 കളിൽ പാർലമെന്റിലേക്ക് തട്ടകം മാറ്റിയ അദ്ദേഹം 1984 മുതൽ 91 വരെ ലോക്‌സഭാംഗമായി.പിന്നീട് 2004 ൽ സംസ്ഥാന മന്ത്രിസഭയിൽ വീണ്ടും അംഗമായി.കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്ന വക്കം, പിന്നീട് ലെഫ്റ്റനന്റ് ഗവർണറായും വിവിധ സംസ്ഥാനങ്ങളിലെ ഗവർണറായും നിയമിക്കപ്പെട്ടു.ആൻഡമാൻ നിക്കോബാർ ദ്വീപിലെ ലെഫ്റ്റ്‌നന്റ് ഗവർണറായായിരുന്നു നിയമനം.പിന്നീട് മിസോറം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളുടെ ഗവർണറുമായി.
നിയമസഭ സ്പീക്കർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയത്.മാന്യതയുടെ രാഷ്ട്രീയത്തിന് ഏറെ വിലകൽപിച്ച അദ്ദേഹം കർശന നിലപാടുകളുള്ള സ്പീക്കറായിരുന്നു.സഭയുടെ അച്ചടക്കത്തിന് പ്രാധാന്യം നൽകി.അത് ലംഘിക്കുന്നവരെ പരസ്യമായി താക്കീത് ചെയ്തു, പലപ്പോഴും നടപടിയുമെടുത്തു.ഒരു അഭിഭാഷകൻ എന്ന നിലയിൽ ചട്ടങ്ങളെയും നിയമങ്ങളെയും കുറിച്ച് ആഴത്തിൽ പഠിച്ചാണ് അദ്ദേഹം സ്പീക്കറുടെ ചെയറിലെത്തിയിരുന്നത്. സഭ നടപടികളെ കൃത്യതയോടെ നടത്തിക്കൊണ്ടു പോകുന്നതിൽ അദ്ദേഹം പിന്നീട് വന്ന സ്പീക്കർമാർക്ക് മാതൃകയുമായിരുന്നു.
മന്ത്രിയെന്ന നിലയിൽ ഒട്ടേറെ വ്യത്യസ്തമായ പദ്ധതികൾ നടപ്പാക്കി അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു.രാജ്യത്ത് ആദ്യമായി കർഷക തൊഴിലാളി നിയമം കൊണ്ടുവന്നത് അദ്ദേഹം തൊഴിൽ മന്ത്രിയായിരുന്ന കാലത്താണ്.സർക്കാർ ജീവനക്കാർക്കും ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഉപജീവനം നടത്തുന്നവർക്കും ആശ്വാസകരമായ നിയമങ്ങൾ അദ്ദേഹത്തിന്റെ കാലത്തുണ്ടായി.സസ്‌പെൻഷനിലാകുന്ന സർക്കാർ ജീവനക്കാർക്ക് പകുതി ശമ്പളം നൽകാനുള്ള വ്യവസ്ഥ കൊണ്ടുവന്നത് അദ്ദേഹം തൊഴിൽ മന്ത്രിയായിരിക്കേയാണ്.
കേരളത്തിൽ സർക്കാരിന് കീഴിൽ ഓണാഘോഷത്തിന് തുടക്കമിട്ടത് അദ്ദേഹം ടൂറിസം മന്ത്രിയായിരിക്കേയാണ്.വിദേശ ടൂറിസ്റ്റുകൾക്കൊപ്പം ആഭ്യന്തര ടൂറിസ്റ്റുകളെയും ആകർഷിക്കാനുള്ള നടപടികൾ വേണമെന്ന നിലപാടാണ് അദ്ദേഹത്തിന് ഈ രംഗത്തുണ്ടായിരുന്നത്.നായനാർ മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരിക്കേയാണ് അദ്ദേഹം ഓണാഘോഷത്തിന് തുടക്കമിട്ടത്.പിന്നീടുള്ള കാലങ്ങളിൽ ഇത് കേരളത്തിന്റെ പ്രധാന ടൂറിസം ഈവന്റുകളിൽ ഒന്നായി മാറി.ദൽഹിയിൽ കേരള ഹൗസിന് ആഡംബര സൗകര്യങ്ങളോട് കെട്ടിടം നിർമിച്ചതും കേരളത്തിൽ കൂടുതൽ സർക്കാർ ഗസ്റ്റ് ഹൗസുകൾ ആരംഭിച്ചതും അദ്ദേഹം ടൂറിസം മന്ത്രിയായിരുന്ന കാലത്താണ്. കൃഷിമന്ത്രിയായിരിക്കേ ആലപ്പുഴയിൽ തരിശുഭൂമിയിൽ സർക്കാരിന്റെ നേതൃത്വത്തിൽ നേരിട്ട് കൃഷിയിറക്കിയത് കാർഷിക മേഖലയിലെ ചരിത്രമായി.ഭൂമി തരിശിടുന്നത് നിരുൽസാഹപ്പെടുത്തുന്നതിനായിരുന്നു അന്നത്തെ സർക്കാരിന്റെ മാതൃക ഇടപെടൽ.സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ റഫറൽ സമ്പ്രദായം കൊണ്ടുവന്നത് അദ്ദേഹം ആരോഗ്യ മന്ത്രിയായിരിക്കേയാണ്.ഇത് പിന്നീട് കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഗുണകരമായ മാറ്റങ്ങൾക്ക് കാരണമായി.
കോൺഗ്രസ് പ്രസ്ഥാനത്തെ കേരളത്തിൽ ശക്തമാക്കി നിർത്തുന്നതിന് വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാക്കളിൽ പ്രമുഖനായിരുന്നു വക്കം പുരുഷോത്തമൻ.പാർട്ടിക്കുള്ളിലെ ഭിന്നതയുടെ കാലത്തും നിലപാടുകളിൽ ഉറച്ചു നിന്ന നേതാവായിരുന്നു അദ്ദേഹം.ജനങ്ങളുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ചു.ഒരു മണ്ഡലത്തിൽ നിന്ന് തന്നെ അദ്ദേഹം തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടത് ഈ ജനപിന്തുണയുടെ അടയാളമാണ്.
ജീവിത ലാളിത്യവും കർമനിരതയും മുഖമുദ്രയാക്കിയ കോൺഗ്രസ് തലമുറയിലെ ഒരു കണ്ണിയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ അറ്റുപോകുന്നത്.നാടിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിന്റെ പരിശുദ്ധിക്കു വേണ്ടിയും ശക്തമായ നിലപാടുകളെടുത്ത ഒരു നേതാവിനെയാണ് കേരളത്തിന് നഷ്ടമാകുന്നത്.






